Sorry, you need to enable JavaScript to visit this website.

ചോക്‌സിക്ക് പൗരത്വം നല്‍കിയത് ഇന്ത്യന്‍ അധികൃതരുടെ അനുമതിയോടെ എന്ന് ആന്റിഗ്വ

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വെട്ടിപ്പു നടത്തിയ മുങ്ങിയ വജ്രവ്യാപാരികളില്‍ ഒരാളായ മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കിയത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലത്തിന്റേയും പോലീസ് അധികൃതരുടേയും ശുദ്ധിപത്രത്തെ തുടര്‍ന്നാണെന്ന് കരീബിയന്‍ രാജ്യമായ ആന്റിഗ്വ അറിയിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പിടികൂടാന്‍ കാത്തിരിക്കുന്ന ചോക്‌സി അതീവ രഹസ്യമായാണ് ആന്റിഗ്വയുടെ പൗരത്വം തരപ്പെടുത്തി അവിടെ ഒളിവില്‍ കഴിയുന്നത്. ചോക്‌സി അവിടെ ഉണ്ടെന്ന് അറഞ്ഞതോടെ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് അധികൃതരെ വെട്ടിലാക്കി ആന്റിഗ്വയുടെ വിശദീകരണം.

ഇന്ത്യന്‍ അധികൃതരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും മുംബൈ പാസ്‌പോര്‍ട്ട് ഓഫീസിന്റെ റിപോര്‍ട്ടിലും ചോക്‌സിക്ക് എതിരായ ഒന്നുമില്ലെന്നും ആന്റിഗ്വ വ്യക്തമാക്കി. എന്തെങ്കിലും എതിര്‍വാദങ്ങളുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് വീസയ്ക്കും പൗരത്വത്തിനുമുള്ള യോഗ്യത നഷ്ടപ്പെടുമായിരുന്നെന്ന് ആന്റിഗ്വ ആന്റ് ബര്‍ബുഡ സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റമന്റ് യൂണിറ്റ് വ്യക്തമാക്കി.

വിശദമായ പരിശോധനയ്ക്കു ശേഷമാണ് ചോക്‌സിയുടെ പൗരത്വ അപേക്ഷ അംഗീകരിച്ചത്. കര്‍ശനമായ പശ്ചാത്തല പരിശോധനയും ഇന്റര്‍പോള്‍ അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ മുഖേനയും വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ഇതിലൊന്നും ചോക്‌സിക്കെതിരായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

മുംബൈയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ നിന്നും 13,500 കോടി രൂപയുടെ വെട്ടിപ്പു നടത്തിയാണ് ചോക്‌സിയും അനന്തരവനായ നീരവ് മോഡിയും രഹസ്യമായി വിദേശത്തേക്ക് കടന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചോക്‌സി ആന്റിഗ്വയുടെ പൗരത്വം സ്വന്തമാക്കിയത്. ജനുവരിയില്‍ ഇന്ത്യവിട്ട ചോക്‌സി ജനുവരി 15-ന് ആന്റിഗ്വയിലെത്തി പൗരത്വ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ബാങ്കു തട്ടിപ്പു കേസില്‍ സി.ബി.ഐ തെരയുന്ന രണ്ടു മുഖ്യ പ്രതികളാണ് ചോക്‌സിയും മോഡിയും.

Latest News