Sorry, you need to enable JavaScript to visit this website.

കാസർകോടിന്റെ സുന്ദര തീരത്ത് അഞ്ച് ബീച്ച് ടൂറിസം പദ്ധതികൾ വരുന്നു

കണ്വതീർത്ഥ ബീച്ച് പാർക്കിൽ ടോയ്‌ലറ്റ് നിർമിക്കുന്നു.
ഹൊസ്ദുർഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് ടൂറിസം പദ്ധതിയുടെ നിർമാണം

ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ബേക്കലിലും പള്ളിക്കരയിലും മാത്രം ഒതുങ്ങിപ്പോകുന്ന ബീച്ച് ടൂറിസത്തിന് വലിയ മാറ്റം വരുന്നു. വടക്കൻ കേരളത്തിലെ മനോഹരമായ കടൽതീര പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾക്ക് ഡി.ടി.പി.സി ആണ് രൂപം നൽകിയിരിക്കുന്നത്.
കാസർകോടിന്റ വടക്കേ അറ്റമായ മഞ്ചേശ്വരം കണ്വതീർത്ഥ ബീച്ച്, കാസർകോട് കസബ ബീച്ച്, ചെമ്പിരിക്ക ബീച്ച്, ഹൊസ്ദുർഗ് കടപ്പുറം ബീച്ച്, നീലേശ്വരം അഴിത്തല ബീച്ച് എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ്  ബീച്ച് ടൂറിസം പദ്ധതികൾ വരുന്നത്. ഇതിൽ ഹൊസ്ദുർഗ് ബീച്ചിൽ  കൈറ്റ് ടൂറിസം പദ്ധതി ഉടനെ നടപ്പിലാക്കും. മഞ്ചേശ്വരം കണ്വതീർത്ഥ ബീച്ചിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 1.15 കോടി രൂപ ചെലവിലുള്ള  ബീച്ച് ടൂറിസം പദ്ധതിയാണ് കണ്വതീർത്ഥ കടപ്പുറത്ത്  ഡി.ഡി.പി.സിയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നത്. തീം റസ്റ്റോറന്റ്, കുട്ടികൾക്കുള്ള കളിസ്ഥലം, റെയിൻ ഷെൽട്ടർ, ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ എത്തിച്ചേരാൻ പറ്റുന്ന വിധത്തിലുള്ള സംവിധാനങ്ങൾ, പാർക്ക്, ടോയ്‌ലറ്റ് തുടങ്ങിയവ സ്ഥാപിക്കും. ഹൊസ്ദുർഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് നിർമാണത്തിന്റെ ഭാഗമായി ഫുഡ് കോർട്ട്, ടോയ്‌ലറ്റ്, സെക്യൂരിറ്റി റൂം, ഇന്റർലോക്ക് നടവഴികൾ തുടങ്ങിയവ പൂർത്തീകരിച്ചിട്ടുണ്ട്. അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന വിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 
കാസർകോട് കസബ ബീച്ചിൽ 50 ലക്ഷം രൂപ ചെലവിൽ  കുറെ വർഷങ്ങൾക്കു മുമ്പ് ഡി.ഡി.പി.സി സ്ഥാപിച്ച പാർക്ക് വിനോദ സഞ്ചാരികൾക്കായി പുനരുദ്ധരിക്കാനുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്ക ബീച്ചിൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി 50 സ്ഥലം സർക്കാർ ഡി.ടി.പി.സിക്ക്  കൈമാറിയിട്ടുണ്ട്. 
ഒരു കോടിയോളം രൂപ ചെലവിൽ ബീച്ച് പാർക്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ ശുപാർശ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിക്കുന്നതോടെ ബീച്ച് ടൂറിസം നിർമാണം ആരംഭിക്കും. നിലേശ്വരം അഴിത്തലയിൽ ബീച്ച് ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനായി 25 സെന്റ് സ്ഥലം ടൂറിസം വകുപ്പ് ഡി.ടി.പി.സിക്ക് കൈമാറിയിട്ടുണ്ട്. ഇവിടെയും പദ്ധതി തുടങ്ങുന്നതിനായി പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട്. 5 സ്ഥലങ്ങളിലെയും  ബീച്ച് ടൂറിസം പദ്ധതികൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ കടൽതീരങ്ങളിലേക്ക് വിനോദ സഞ്ചാരികൾ പ്രവഹിക്കുന്നത്തിനുള്ള വഴികൾ തെളിയും.
ബീച്ച് ടൂറിസം പദ്ധതികൾ ബേക്കലിൽ മാത്രമായി ചുരുങ്ങുന്നത് പരിഹരിക്കാൻ കാസർകോട് ജില്ലയിലെ കടൽതീരങ്ങളിൽ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. രണ്ടാം ഘട്ടമായി  മൊഗ്രാൽ കടപ്പുറം, ഉദുമ കോടി കടപ്പുറം, വലിയ പറമ്പ് കടപ്പുറം എന്നിവിടങ്ങളിലും ബീച്ച് ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നത് അധികൃതരുടെ പരിഗണനയിലാണ്. 

Latest News