Sorry, you need to enable JavaScript to visit this website.

ജെറ്റ് എയര്‍വേയ്‌സിന്റെ ചിറകൊടിയുമോ? രണ്ടു മാസത്തിനപ്പുറം പറക്കില്ലെന്ന് റിപോര്‍ട്ട്

മുംബൈ- ഇന്ത്യയില്‍ മറ്റൊരു വിമാന കമ്പനി കൂടി അടച്ചുപൂട്ടലിന്റെ വക്കില്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 60 ദിവസം കൂടി മാത്രമെ സര്‍വീസ് തുടരാനാകൂവെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്പളം വെട്ടിക്കുറക്കല്‍ അടക്കമുള്ള അടിയന്തിര ചെലവു ചുരുക്കല്‍ നടപടകള്‍ വേണ്ടിവരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൂടുതല്‍ സഹായം തേടി കമ്പനി നിക്ഷേപകരെ സമീപിച്ചതായും റിപോര്‍ട്ടുണ്ട്. 

കമ്പനിയുടെ സാമ്പത്തിക നില പരുങ്ങലിലാണെന്ന് ചെയര്‍മാന്‍ നരേഷ് ഗോയല്‍ ഈയിടെ ദല്‍ഹിയിലും മുംബൈയിലും ജീവനക്കാരെ നേരിട്ടു കണ്ട് അറിയിച്ചിരുന്നതായി ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ശമ്പളം വെട്ടികുറക്കേണ്ടി വരുമെന്നും ഗോയല്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ജെറ്റ് എയര്‍വേയ്‌സിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. വാര്‍ത്തകള്‍ പ്രചരിച്ചതോടെ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ അഞ്ചു ശതമാനം ഇടിവുണ്ടായി. ചെലവുകള്‍ ചുരുക്കാനും ഉയര്‍ന്ന വരുമാനം ഉറപ്പു വരുത്താനും നടപടികള്‍ സ്വീകരിച്ചു വരുന്നതായി കമ്പനി വൃത്തങ്ങള്‍ പറഞ്ഞായും റിപോര്‍ട്ടുണ്ട്.

ഇന്ധന വില വര്‍ധന, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് എന്നിവ കമ്പനിയുടെ സാമ്പത്തികനിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ ചെയര്‍മാന്‍ നരേഷ് ഗോയല്‍ തന്റെ ഓഹരിയുടെ ഒരു ഭാഗം വിറ്റഴിച്ചേക്കുമെന്ന് മിന്റ് റിപോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം വെട്ടിക്കുറക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് തീരുമാനിച്ചതായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. 


 

Latest News