ദുബായ്- നയതന്ത്ര ശ്രമങ്ങള്‍ക്കോ മാധ്യസ്ഥ്യത്തിനോ സാധ്യത പൂര്‍ണമായും അടച്ചുകളയും വിധം വ്യാപ്തിയുള്ളതാണ് ഇസ്രായില്‍-ഹമാസ് യുദ്ധമെന്ന് നീരീക്ഷകര്‍. മുന്‍കാലങ്ങളില്‍ രാജ്യാന്തര മധ്യസ്ഥ്യത്തിലൂടെയാണ് സംഘര്‍ഷം പരിഹരിച്ചിട്ടുള്ളത്. ഇപ്പോള്‍ അത് സാധ്യമല്ലാത്ത തരത്തിലേക്ക് കാര്യങ്ങള്‍ മാറിയതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രായില്‍ ജയിലുകളില്‍ കഴിയുന്ന 36 ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരം ഗാസയില്‍ ഹമാസ് തടവിലാക്കിയ ഇസ്രായില്‍ പൗരന്‍മാരായ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായില്‍ വഴങ്ങിയിട്ടില്ല.
ഹമാസിന്റെയും ഇസ്രായിലിന്റെയും ഉദ്യോഗസ്ഥര്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളിത്തം വഹിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി മുതല്‍ അമേരിക്കയുടെ കൂടി ഏകോപനത്തോടെയാണ് ചര്‍ച്ചകള്‍ക്കായി ഖത്തര്‍ മുന്നിട്ടിറങ്ങിയത്. 'ഞങ്ങള്‍ ഇപ്പോള്‍ എല്ലാ കക്ഷികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണനകള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍അന്‍സാരി പറഞ്ഞു. അതേസമയം, ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
ഗാസയില്‍ തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ എണ്ണവും വ്യക്തമല്ല. 130 ലേറെയെന്നാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന കണക്ക്.
എന്നാല്‍ ഇത്തവണത്തെ സംഘര്‍ഷത്തിന് അഭൂതപൂര്‍വമായ സ്വഭാവമാണുള്ളത്. ഇസ്രായിലുമായി സമാധാന കരാര്‍ ഒപ്പുവെച്ചിട്ടുള്ള ഈജിപ്ത് സാധാരണ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ ഇടപെടാറാണ് പതിവ്. ഖത്തര്‍, തുര്‍ക്കി എന്നിവയാണ് ഇരുകൂട്ടരോടും സംസാരിക്കാന്‍ സാധ്യതയുള്ള മറ്റ് രാജ്യങ്ങള്‍. എന്നാല്‍ ഇരുഭാഗത്തും കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള ആള്‍നാശം ചര്‍ച്ചകള്‍ക്കുള്ള അവസരം ഇല്ലാതാക്കും വിധം വ്യാപകമാണ്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 800 ലധികം ഇസ്രായിലികളെ ഹമാസ് വകവരുത്തിയത് ഒരിക്കലും ഇസ്രായില്‍ ക്ഷമിക്കില്ല. ആ രോഷം മുഴുവന്‍ തെളിഞ്ഞുകത്തുന്നതാണ് ഗാസയിലെ വന്‍ ആക്രമണം. ഹമാസിനെതിരെ മാത്രമല്ല, മുഴുവന്‍ ഫലസ്തീനികളെയും ഇല്ലാതാക്കുമെന്ന നിശ്ചയത്തിലാണ് ഇസ്രായില്‍.
നിരവധി ഇസ്രായിലികളെ ഹമാസ് ബന്ദികളായി പിടിച്ചതും മാധ്യസ്ഥ്യം സങ്കീര്‍ണമാക്കുന്നു. ബന്ദികളെ വെച്ച് വിലപേശാന്‍ ഹമാസിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായില്‍ നേതൃത്വം. അതേസമയം, ഇസ്രായിലിനുള്ളില്‍ ഇതിനെതിരെ അമര്‍ഷം പുകയുന്നുണ്ട്. സംഘര്‍ഷത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്ന് ഇസ്രായില്‍ പത്രമായ ഹാരെറ്റ്‌സ് തന്നെ വിമര്‍ശിച്ചുകഴിഞ്ഞു.
അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഇസ്രായിലിനെ സഹായിക്കാന്‍ ഒരുക്കം തുടങ്ങിയതും ഗാസക്കെതിരായ ആക്രമണത്തില്‍ മുന്നറിയിപ്പ് നല്‍കി ഇറാന്‍ രംഗത്തെത്തിയതും ലോകത്തെ കൂടുതല്‍ ആശങ്കയിലേക്ക് എടുത്തെറിയുന്നു.