ഗാസ- താമസ കെട്ടിടങ്ങള്‍, നിരവധി പള്ളികള്‍, യൂണിവേഴ്‌സിറ്റി കെട്ടിടം, ആശുപത്രി, ടെലികമ്മ്യൂണിക്കേഷന്‍സ് കെട്ടിടം എന്നിവ ഇസ്രായിലി ഡ്രോണുകള്‍ തരിപ്പണമാക്കിയതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍നിന്നുള്ള പുകയും പൊടിപടലങ്ങളുമാണ് ഗാസയിലെങ്ങുമുള്ള കാഴ്ച. ബങ്കറുകളെ തകര്‍ക്കുന്ന ബോംബുകള്‍ ഉപയോഗിച്ച് ഗാസയിലേക്കുള്ള ഏക വഴിയായ തുരങ്കവും ഇസ്രായില്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. കരയും കടലും ആകാശവും ഇല്ലാതായതോടെ ഗാസ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. 23 ലക്ഷം ജനങ്ങള്‍ തിങ്ങിനിറഞ്ഞ് അധിവസിക്കുന്ന ഗാസയിലെ ഉപരോധം വന്‍ മാനുഷിക ദുരന്തത്തിലേക്കാണ് നയിക്കുക.
ഫലസ്തീനികള്‍ മൃഗീയസ്വഭാവമുള്ളവരാണെന്നും അവരെ നശിപ്പിക്കുമെന്നുമാണ് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായിലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞത്. വൈദ്യുതിയോ വെളളമോ ഭക്ഷണമോ ഗ്യാസോ കൊടുക്കില്ല. കഴിഞ്ഞ 16 വര്‍ഷമായി ഇസ്രായിലി ഉപരോധത്തില്‍ കഴിയുന്ന ഗാസയിലെ ജനങ്ങളെ വീണ്ടും ഉപരോധത്തില്‍ വലയ്ക്കാനുള്ള തീരുമാനത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന തീരുമാനമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വിവേചനരഹിതമായി ഗാസയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.
ഗാസയില്‍ നടത്തുന്ന തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് 1,23,000 ലധികം പേരാണ് വീടുവിട്ടോടിയതെന്ന് യു.എന്‍ പറയുന്നു. ആയിരങ്ങള്‍ യു.എന്‍ സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്. ആക്രമണത്തിന്റെ ഭീതിദമായ ചിത്രങ്ങളാണ് ഗാസയില്‍നിന്ന് പുറത്തുവരുന്നത്. ഒരു കുടുംബത്തിലെ 19 അംഗങ്ങളടക്കം കൊല്ലപ്പെട്ട ദാരുണസംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഗാസയില്‍ താമസിക്കുന്ന ജനങ്ങളില്‍ 60 ശതമാനവും നേരത്തെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ ഇസ്രായില്‍ കൈയടക്കിയതിന്റെ ഫലമായി വംശീയ ഉന്മൂലനം നേരിട്ട അഭയാര്‍ഥികളാണ്.
ഏതാനും ചിലര്‍ നടത്തിയ അക്രമത്തിന് തിരിച്ചടിയായി ഒരു ജനതയെ മുഴുവന്‍ ശിക്ഷിക്കുന്ന ഇസ്രായില്‍ നടപടിക്കെതിരെ വിമര്‍ശം ശക്തമായിട്ടുണ്ട്. ഗാസയില്‍ കടുത്ത മാനുഷിക പ്രശ്‌നം സൃഷ്ടിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇസ്രായിലിനോട് യു.എന്‍ അടക്കം ആവശ്യപ്പെടുന്നു.