Sorry, you need to enable JavaScript to visit this website.

എയ്ഡഡ് സംവരണം, ജാതി സെൻസസ്: വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

വെൽഫെയർ പാർട്ടി നേതാക്കൾ എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ

എറണാകുളം - ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിൽസംവരണം ബാധകമാക്കി നിയമനം പി.എസ്.സിക്ക് വിടുക, കേന്ദ്ര സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക, സർക്കാർ ശമ്പളം നൽകുന്ന പൊതുമേഖല, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ്, കരാർ നിയമനം അടക്കമുള്ള എല്ലായിടത്തും സംവരണ വ്യവസ്ഥ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നു. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ പ്രക്ഷോഭ പരിപാടികൾ വിശദീകരിച്ചു.
രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിലാണ് പ്രാതിനിധ്യം വഹിക്കുന്നത് എന്ന് തിരിച്ചറിയാൻ വിശദമായ ജാതി സെൻസസ് നടത്തിയാൽ മാത്രമേ കഴിയുകയുള്ളൂ. ബിഹാർ, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ നിലവിൽ ജാതി സർവേ നടത്തുകയും ബിഹാർ വിവരങ്ങൾ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ അലയൻസ് അതിന്റെ പ്രധാന വാഗ്ദാനമായി ജാതി സെൻസസ് നടപ്പാക്കും എന്നും പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ കേരള സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ദേശീയ തലത്തിൽ തന്നെ ജാതി സെൻസസ് നടപ്പാക്കണം എന്ന ആവശ്യം ഉന്നയിക്കുകയും കേരളത്തിൽ ജാതി സർവേ നടത്താനും ഇടതു സർക്കാർ തയാറാകണം. 
അനർഹമായത് നേടി എന്ന് മതന്യൂനപക്ഷങ്ങളെയും ദളിത്, ആദിവാസി വിഭാഗങ്ങളെ കുറിച്ചും ചിലർ ദുഷ്പ്രചാരണം നടത്തുന്നുണ്ട്. ഈ പ്രചരണങ്ങൾ ഉപയോഗിച്ച് വർഗീയ ധ്രുവീകരണ നീക്കങ്ങൾ നടത്തുന്നുമുണ്ട്. ഇതവസാനിപ്പിക്കാനും ജാതി സെൻസസ് അനിവാര്യമാണ്. 
രാജ്യത്താകമാനം പിന്നോക്ക-ദളിത്-ആദിവാസി വിഭാഗങ്ങളുടെ ഭരണ പങ്കാളിത്തത്തിലേക്കുള്ള മുന്നേറ്റ ശ്രമങ്ങളെ ഇല്ലാതാക്കാൻ ആർ എസ് എസ് നടപ്പാക്കിയ ആശയമാണ് കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള സർക്കാർ ആവേശത്തോടെ പിന്തുടർന്നത്. മുസ് ലിം  ലീഗ് ഒഴികെ കോൺഗ്രസ്  യു.ഡി.എഫ് കക്ഷികളും അതിനെ പിന്തുണക്കുകയാണ് ചെയ്തത്. ഇത് ചരിത്രപരമായ വഞ്ചനയാണ്. ഇത് തിരുത്താനുള്ള അവസരമാണ് ഇന്ത്യാ അലയൻസ് അടക്കം ഇപ്പോൾ പിന്തുണക്കുന്ന ജാതി സെൻസസ്. ഇക്കാര്യത്തിൽ കേരള സർക്കാർ പുലർത്തുന്ന നിസംഗമായ സമീപനം അപലപനീയമാണ്.
ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ച് വെൽഫെയർ പാർട്ടി വിപുലമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുകയാണ്. ഒക്ടോബർ മാസത്തിൽ പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി 2023 ഡിസംബർ 28 ന് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റിലേക്ക് വൻ ബഹുജന മാർച്ച് നടത്തും. ദളിത്-മുസ്‌ലിം -പിന്നോക്ക വിഭാഗ സംഘടനകളെയും സംവരണ സമുദായ നേതൃത്വങ്ങളെയും ഏകോപിപ്പിച്ച് സമര പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക  പഞ്ചായത്ത് കേന്ദ്രങ്ങളിൽ വ്യത്യസ്ത സമര പരിപാടികൾ, വാഹന ജാഥകൾ, സെമിനാർ, സംവരണ സമ്മേളനങ്ങൾ, പദയാത്രകൾ, ടേബിൾ ടോക്കുകൾ, ഭീമഹരജി സമർപ്പണം എന്നിവ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ കെ. സജീദ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News