തിരുവനന്തപുരം- ആയുഷ് മിഷന്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് പരാതി ഉന്നയിച്ച ഹരിദാസന്‍ സമ്മതിച്ചതായി പോലീസ്. തിങ്കളാഴ്ച പകല്‍ മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹരിദാസന്റെ കുറ്റസമ്മതം.
അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വെച്ച് ആര്‍ക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് പണം നല്‍കിയത് ആര്‍ക്കാണെന്നും എവിടെ വെച്ചാണെന്നും ഓര്‍മയില്ലെന്ന് പറഞ്ഞിരുന്നു.
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്‍ താന്‍ പറഞ്ഞത് നുണയാണെന്നും എല്ലാം ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നും സമ്മതിച്ചത്.