Sorry, you need to enable JavaScript to visit this website.

സോളാര്‍ പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ വൈദ്യുതി ബില്ല് കൂടി: കമ്പനി തുക തിരിച്ചു നല്‍കണം

മലപ്പുറം-സോളാര്‍ പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ വൈദ്യുതി ബില്ല് കൂടിയ പരാതിയില്‍ പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. മലപ്പുറം കൊളത്തൂര്‍ മര്‍ക്കസ് തസ്‌കിയത്തില്‍ ഇര്‍ഷാദിയ സ്ഥാപനത്തിന് വേണ്ടി പുതുവത്ത് അബൂബക്കര്‍ ബോധിപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. സോളാര്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ വൈദ്യുതി ബില്ല് നാമമാത്രമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ഇതിന് ശേഷം ബില്ല് വര്‍ധിച്ചതായി കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പ്ലാന്റ് പരിശോധിക്കാന്‍ പോലും എതിര്‍കക്ഷി തയ്യാറായില്ലെന്നും കരാര്‍ പ്രകാരം നിശ്ചയിച്ച വസ്തുക്കളല്ല പ്ലാന്റ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും പരാതിക്കാര്‍ ബോധിപ്പിച്ചു. പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ റിയാസ് മുഹമ്മദിനെ എക്‌സ്‌പേര്‍ട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കി. രേഖകളും എക്‌സ്‌പേര്‍ട്ട് കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം പരാതിക്കാരന്റെ ആക്ഷേപം ശരിയെന്ന് കണ്ടെത്തിയാണ് കമ്മീഷന്റെ വിധി.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ചെലവഴിച്ച 6,80,000 രൂപ തിരികെ നല്‍കാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കോടതി ചെലവായി 10,000 രൂപയും നല്‍കണം. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്തപക്ഷം വിധി തിയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയില്‍ പറഞ്ഞു.

 

Latest News