Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി പരാതി; ലോകകപ്പിനെത്തിയ പാക് അവതാരകയെ ഇന്ത്യ തിരിച്ചയച്ചതായി റിപോർട്ട്

ന്യൂഡൽഹി - ലോകകപ്പ് ക്രിക്കറ്റ് റിപോർട്ട് ചെയ്യാനെത്തിയ പ്രമുഖ പാക് ക്രിക്കറ്റ് അവതാരക സമാ ടി.വിയിലെ സൈനബ് അബ്ബാസിനെ ഇന്ത്യ തിരിച്ചയച്ചതായി റിപോർട്ട്. ഹിന്ദുവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണു വിവരം. 
 ഐ.സി.സിയുടെ ലോകകപ്പ് അവതാരകരുടെ പട്ടികയിലുള്ള സൈനബ് ഇന്ത്യയിലെത്തിയതിന് പിന്നാലെ സമൂഹമാധ്യമത്തിൽ സംഘ്പരിവാർ പ്രൊഫൈലുകളിൽനിന്ന് അവർക്കെതിരെ വൻ സൈബറാക്രമണമുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് സൈനബ് ട്വിറ്ററിൽ കുറിച്ച പോസ്റ്റുകൾ കുത്തിപ്പൊക്കിയായിരുന്നു 35-കാരിക്കെതിരായ സൈബറാക്രമണം.
 സുപ്രിംകോടതിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ ഇവർക്കെതിരെ ഡൽഹി പോലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകുകയുമുണ്ടായി. ഹിന്ദു വിശ്വാസത്തെയും ഇന്ത്യയെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലുള്ളത്. ഒപ്പം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും ബി.സി.സി.ഐയ്ക്കും വിനീത് പരാതി നൽകി. ഭാരതത്തിനും ഹിന്ദു ധർമത്തിനുമെതിരായ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട അവതാരകയെ നീക്കണമെന്നായിരുന്നു ആവശ്യം. 'അതിഥി ദേവോ ഭവ' എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധർമത്തെയും ബഹുമാനിക്കുന്നവർക്ക് മാത്രമാണെന്നും ഭാരത വിരുദ്ധരെ നമ്മുടെ നാട്ടിൽ സ്വാഗതം ചെയ്യുന്നില്ലെന്നും പരാതിയിലുണ്ട്.
  അതിനിടെ, ഇന്ത്യയെയും ഹിന്ദുമതത്തെയും വിമർശിക്കുന്ന ട്വീറ്റുകൾ മുമ്പ് പോസ്റ്റ് ചെയ്‌തെന്ന പരാതിയെ തുടർന്ന് ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായി പാകിസ്താനിലെ ന്യൂസ് ചാനലായ സമാ ടി.വി പുറത്തുവിട്ടതായി റിപോർട്ടുകളുണ്ട്. എന്നാൽ, പിന്നീട് ഇവർ ആദ്യമിട്ട പോസ്റ്റ് ഒഴിവാക്കി, സുരക്ഷാ കാരണങ്ങളാൽ സൈനബ് ഇന്ത്യ വിട്ടെന്ന പുതിയ പോസ്റ്റിടുകയുണ്ടായി. 
 നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ അവതാരകയായ സൈനബ് തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ അവതാരകയാകാൻ അവസരം ലഭിച്ചതിൽ ആവേശവും അഭിമാനവുമുണ്ടെന്നും ഇന്ത്യൻ സംസ്‌കാരത്തെ തൊട്ടറിയാനുള്ള അവസരം പരമാവധി ഉപയോഗിക്കുമെന്നും ഐ.സി.സിയുടെ ഡിജിറ്റൽ വിഭാഗത്തിൽ അംഗം കൂടിയായ സൈനബ് ലോകകപ്പിനായി തിരിക്കും മുമ്പ് പറഞ്ഞിരുന്നു.

Latest News