Sorry, you need to enable JavaScript to visit this website.

ഈ വയസാൻ കാലത്ത് അറിയുന്ന പണിക്ക് പൊയ്ക്കൂടേ; മുപ്പതാണ്ടിന്റെ പ്രവാസത്തിന് ശേഷം കേട്ട ചോദ്യം

അബു മണ്ണാർക്കാട് എന്ന മുൻ പ്രവാസി കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറലായത് പ്രവാസികൾ നേരിടുന്ന ചോദ്യത്തിന്റെ പേരിലായിരുന്നു. മൂന്നും നാലും പതിറ്റാണ്ടുകാലം ഗൾഫിൽ പ്രവാസിയായി കഴിഞ്ഞ ഒരാൾ നാട്ടിൽ ജോലി അന്വേഷിക്കാൻ തുടങ്ങിയാൽ കേൾക്കുന്ന ചോദ്യമാണിത്. മുമ്പൊരിക്കൽ മറ്റൊരാളോട് അബു ചോദിച്ച അതേ ചോദ്യം ശ്രീജിത്ത് എന്ന യുവാവിന്റെ നാവിൽനിന്ന് അബുവിന്റെ ചെവിയിൽ തുളച്ചു കയറി.
 അബു എഴുതിയ കുറിപ്പ് വായിക്കാം:


പ്രവാസം നിർത്തി നാട്ടിൽ എത്തിയിട്ട് 10 മാസത്തോളമായി വീട്ടിൽ വെറുതെ ഇരുപ്പാണ്. ഒരു പണിയും കൂലിയും വേലയുമില്ലാതെ എന്താ ഇങ്ങനെ ഇരിക്കുന്നത്? വീട്ട്കാരും, കുടുംബകാരും ഒക്കെ ചോദ്യം തുടങ്ങിയിട്ട് കുറച്ചായി.
ഇങ്ങനെ ഇരുന്നാൽ മതിയൊ?  എന്തങ്കിലുമൊരു ചെറിയ കടയോ? അല്ലങ്കിൽ എന്തെങ്കിലും പണിക്ക് പോയി കൂടെ എന്ന്.?
ശരിയാണ് വെറുതെ ഇരുന്ന് ബോറടി തുടങ്ങി... എന്തങ്കിലും കട ഇടാം എന്ന് വെച്ചാൽ അതിനെ കുറിച്ചുള്ള ഒരു ഐഡിയുമില്ല.
തന്നെയുമല്ല :
കട തുടങ്ങിയവരൊക്കെ കുറേ പൂട്ടി.. ബാക്കിയുള്ളവ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ ചക്ര ശാസം വലിക്കുകയാണ്...പിന്നെ ഒരു ഉപദേശവും. നാട്ടിൽ പണമിറക്കി എന്തങ്കിലും ചെയ്യുന്നത് ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിയല്ല എന്ന് പിന്നെ എന്തങ്കിലും ജോലി നോക്കണം. എന്ത് ജോലി..?
ഒരു ജോലിയുമറിയാത്ത; ഈ വയസായ എനികൊക്കെ ഇനി ആര് ജോലി തരാൻ ...?  കൂലിപണിക്ക് പോലും എന്നെ വേണ്ട. ഇവിടെ ചെറുപ്പക്കാർക്ക് തന്നെ ജോലിയില്ല പിന്നെയല്ലെ കുഴിയിലേക്ക് എടുക്കാനായ എനിക്ക് ?
എന്നാലും   അറിവിലും പരിചയത്തിലുമുള്ള പലരോടും അന്വേഷിച്ചു. ഞാൻ ഒരു ജോലി അന്വേഷിച്ചപ്പോൾ അവര് പറയുകയാണ്, നീ ആളെ കളിയാക്കണ്ട കേട്ടോ എന്ന്. ഒന്ന് രണ്ടാൾ എന്റെ ചോദ്യം കേട്ട് ഒന്ന് ആക്കി ചിരിച്ചു. 
ശരിയാണ് : 30 വർഷം ഗൾഫിൽ ജീവിക്കുകയും, നാട്ടിൽ ലീവിന് എത്തിയാൽ ഒരു ഗൾഫ് കാരന്റെ എല്ലാ പത്രാസിലും അടിച്ച് പൊളിച്ച് ജീവിച്ചിട്ട് ഇനി ജോലി അന്വേഷിക്കുന്നോ?  
ഏതായാലും അന്വേഷണം നിർത്തിയില്ല... അങ്ങനെയാണ് ഞാൻ ഇന്നലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞ ജോലിക്ക് പോയത്. ഡെലിവറി വാഹനത്തിൽ ഡ്രൈവർ ജോലി...
ജോലി ഡ്രൈവർ ആണ്... കണ്ണൊന്നും ശരിക്ക് ക്ലച്ച് പിടിക്കുന്നില്ല... അത് കൊണ്ട് കണ്ണട എന്റെ കൂടെ തന്നെയുണ്ട്.
മണ്ണാർക്കാട് നിന്നും 28 ഗാ അകലെയുള്ള ചെർപ്പുളശേരിയിലാണ് ജോലി.
അതിന് കാരണം:  
ലീവിന് വന്നാൽ ഫാന്റും, ഷർട്ടും, ഷൂസും, ആവശ്യത്തിലേറെ ക്രീമും, സ്‌പ്രേയും, പിന്നെ ഒരു കൂളിംഗ് ഗ്ലാസുമൊക്കെയായി വിലസിയിരുന്ന ഞാൻ  ഇനി നാട്ടുകാരുടെ മുന്നിൽ  പെടണ്ട എന്ന് കരുതിയാണ് (ഈഗൊ ) കുറച്ച്  മാറി ജോലിക്ക് പോകാം എന്ന് കരുതിയത്.
രാവിലെ 7 മണിയോടെ വീട്ടിൽ നിന്നിറങ്ങി എട്ടരയോടെ  ചെർപ്പുളശേരിയിൽ എത്തി.. 2010 മോഡൽ മഹേന്ദ്രയുടെ മാക്‌സിമോ വനാണ് വണ്ടി...
പത്ത് മണിയോടെ വണ്ടി ലോഡ് ചെയ്ത്  സൈൽസ്മാൻ ശ്രീജിത്തിനൊപ്പം ഞാൻ വണ്ടി എടുത്തു...
ശ്രീജിത്ത് 25 വയസുള ഒരു ന്യൂജെൻ ആണ് കെട്ടൊ.
ഞാൻ ആദ്യമായിട്ടാണ് ഇത്തരം ഒരു വാഹനം ഓടിക്കുന്നത്. ക്ലച്ച്, ബ്രൈക്, ഇതൊക്കെ ഒരു കഥയാണ്... പിന്നെ പവർ 
സ്റ്റേറിംഗും ഇല്ല... 
വണ്ടിയെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നത് വരെ ആ റോഡ് നിറയെ ഞാനും എന്റെ വണ്ടിയുമായിരുന്നു..
ശ്രീജിത്ത് സകല ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിക്കുണ്ട്..
ആദ്യം ഒന്ന് രണ്ട്  ഡെലിവറി യൊക്കെ കൊടുത്ത് പിന്നെ ചെർപ്പുളശേരി ടൗണിൽ എത്തി...
ടൗണിലെ തിരക്കിനിടയിൽ വണ്ടി ഇടക്കിടെ ഓഫ് ആകുന്നുണ്ട്...
അങ്ങനെ ടൗണിൽ നിന്നും ഒറ്റപാലത്തേക്ക് തിരിയുന്നിടത്ത് പൊട്ടി പൊളിഞ്ഞ റോഡിൽ വണ്ടി വീണ്ടും ഓഫായി....  പിന്നെ അടിച്ച് നോക്കുമ്പോൾ സെൽഫും കിട്ടുന്നില്ല... 
മുന്നിൽ നിന്നും പിന്നിൽ നിന്നും ഹോൺ അടി തുടങ്ങി...ആകെ ബ്ലോക്കായി  
എല്ലാ ക്ഷമയും നശിച്ച ശ്രീജിത്ത് എന്നെ രൂക്ഷമായി ഒന്ന് നോക്കീ...
പിന്നെ ഒരു ചോദ്യം. ഈ വയസാൻ കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടൊ?  കഴിയുന്ന എന്തങ്കിലും ജോലിക്ക് പോയാൽ പോരെ...?
എന്റെ മനസിലൂടെ ഒരു മിന്നൽ കടന്ന് പോയി.... ഞാനാകെ തളർന്നു. കാരണം: 32 വർഷം മുൻപ് ഞാൻ ചോദിച്ച ആ ചോദ്യം എന്റെ നേരെ തിരിച്ച് വന്നിരിക്കുന്നു... 
''പണ്ട് ഞാൻ ബസ് കണ്ടക്ടർ ആയി ജോലി ചെയ്യുന്ന കാലത്ത്  ഞാൻ ജോലി ചെയ്യുന്ന ബസ്സിൽ പുതിയ ഒരു ഡ്രൈവർ എത്തി.. 55 - 60 വയസുള്ള ഒരു റിട്ടേർഡ് ഗൾഫ് കാരൻ കുട്ടേട്ടൻ . ആൾ കുറേ കാലം കുവൈത്തിലായിരുന്നു...
അവിടെ നിന്ന് തിരിച്ച് വന്ന് 5000 രൂപ സെക്യൂരിറ്റി കൊടുത്താണ് ബസ്സിൽ ഡ്രൈവർ ജോലിക്ക് വന്നിരിക്കുന്നത്... 
അന്നൊക്കെ കണ്ടക്ടർക്കും. എക്‌സീപിരിയൻസ് ഇല്ലാത്ത ഡ്രൈവർമാർക്കും സെക്യൂരിറ്റി പണം നൽകണമായിരിന്നു ബസ്സിൽ ഒരു ജോലി കിട്ടാൻ . 
ഞാനും പതിനായിരം കൊടുത്തിട്ടാണ് കണ്ടക്ടർ ജോലിക്ക് കയറിയിരുന്നത്. ഞാനന്ന് ആനക്കട്ടി പെരിന്തൽമണ്ണ റൂട്ടിലാണ് ഓടുന്നത്. അട്ടപാടി ചുരവും അവിടുത്തെ റോഡുകളും അന്ന് വളരെ മോശമായിരുന്നു. ഞങ്ങളുടെ പുതിയ ഡ്രൈവർ കുട്ടേട്ടൻ ഒരാഴ്ച്ചയോളം ട്രൈനിംഗ് ഓടിയ ശേഷമാണ് ഒരു ദിവസം ജോലിക്ക് കയറിയത്... രാവിലെ ആനകട്ടിയിൽ നിന്നും വണ്ടി എടുത്ത് മുക്കാലി ചുരത്തി എത്തി പത്താം വളവിൽ എത്തി. അന്ന് പത്താം വളവ് ഡ്രൈവർമാരുടെ ഒരു പേടി സ്വപ്നമായിരുന്നു. 
അന്ന് ഒരു വിധം വലിയ വാഹനങ്ങളാക്കെ ഒന്ന് രണ്ട് പ്രാവശ്യം മുന്നോട്ടും പിന്നോട്ടും എടുത്താണ് പത്താം വളവ് ഓടിച്ച് എടുക്കുന്നത്. ചിലപ്പോർ ക്ലീനർമാരും ഒടിക്കാൻ സഹായിക്കും..
എന്നാൽ കുട്ടേട്ടൻ പല പണി പയറ്റിയിട്ടും അദേഹത്തിന് വണ്ടി ഒടിച്ച് എടുക്കാൻ കഴിയുന്നില്ല...  കാല് വിറക്കുന്നു എന്ന്.
അന്ന് ചുരം റോഡിന് തീരെ വീതി കുറവായിരുന്നു.... യാത്രക്കാർ എന്നെ നോക്കി പിറുപിറുക്കാൻ തുടങ്ങി...
അവസാനം ബസ്സിലെ ഒരു യാത്രക്കാരൻ ആണ് പത്താം വളവ് ഒടിച്ച് ചുരം ഇറക്കിയത്... പരിഭ്രമിച്ച് ഇരിക്കുന്ന യാത്രക്കാരുടെ സംസാരം സഹിക്കാൻ കഴിയാതെ വന്നപ്പോൾ
ചുരം ഇറങ്ങുമ്പോൾ ഫ്രന്റ് ഡോറിൽ നിൽക്കുകയായിരുന്ന കുട്ടേട്ടനോട് ഞാൻ ചോദിച്ചു..
ഈ വയസാൻ കാലത്ത് നിങ്ങൾക്കു വീട്ടിൽ ഇരുന്നു കൂടെ.  അല്ലങ്കിൽ കഴിയുന്ന വേറെ വല്ല പണിയും നോക്കി കൂടെ എന്ന്.
അയാൾ ഒന്നും പറയാതെ  ദയനിയമായി എന്നെ ഒന്ന് നോക്കി...
ബസ്സ് മണ്ണാർക്കാട് സ്റ്റാന്റിൽ എത്തി. ഞങ്ങൾ ഓരോ ചായ കുടിക്കാൻ ഹോട്ടലിൽ കയറിപ്പോഴാണ് അയാൾ അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞത്.
15 വർഷം കുവൈത്തിലെ ഒരു കൺസ്ട്രക്ഷൻ  കമ്പനിയിൽ ഡ്രൈവർ ആയിരുന്നു.. അത് നിർത്തി നാട്ടിൽ എത്തിയിട്ട് ഒരു വർഷമായി... പറയത്തക്ക സമ്പാദ്യമൊ ജീവിക്കാനുള്ള വരുമാനമൊ ഇല്ല..
രണ്ട് പെൺകുട്ടികളാണ്. ചെറിയ മകളുടെ പ്രസവവുമായി ആശുപത്രിയിൽ നല്ലൊരു സംഖ്യ ചിലവായി. പിന്നെ ഭാര്യയുടെ മരുന്നും മറ്റ് ചിലവുകളും എല്ലാം കൂടി ദിവസവും ഒരു സംഖ്യ വേണം..
 ഒരാളുടെ മുൻപിലും കൈ നീട്ടാതെ അറിയുന്ന ഒരു ജോലി ചെയ്യാം എന്ന് കരുതിയാണ് മൂത്ത മകൾ തന്ന 5000 രൂപ കൊണ്ട് ഇതിന് പുറപെട്ടത്.
എന്താ ചെയ്യാ തുടർന്ന് ജീവിക്കണ്ടേ.... ?
ഒന്നും പറയാതെ ഞാൻ തലതാഴ്ത്തി ഇരുന്നു....''
ഞാനന്ന് ചോദിച്ച അതേ ചോദ്യമാണ് 32 വർഷങ്ങൾക്ക് ശേഷം ശ്രീജിത്ത് ഇന്നലെ എന്നോട് ചോദിച്ചിരിക്കുന്നത്. 
കാലം കാത്ത് വെച്ച ചോദ്യം...
ഞാൻ ഒന്നും പറയാതെ ശ്രീജിത്തിനെ നോക്കി... എന്റെ കണ്ണട ഒന്ന് എടുത്ത് തുടച്ച് വീണ്ടും പഴയ സ്ഥാനത്ത് വെച്ച് .  ഒരു വിധം എല്ലാവരും കൂടി വണ്ടി തള്ളി മാറ്റി ബ്ലോക്ക് ഒഴിവാക്കി.  പിന്നെ പലരും വന്ന് പലവിധ മെകാനിക്കൽ വർക്കുകളും ചെയ്ത് വണ്ടി സ്റ്റാർട്ട് ആക്കി ഒരു ദിവസത്തെ ജോലി പൂർത്തിയാക്കി ഓഫീസിൽ എത്തിയപ്പോൾ ശ്രീജിത്ത് പറഞ്ഞു...
നാളെ ഞാൻ വിളിച്ചിട്ട് വന്നാൽ മതിയെന്ന് ...
അതോടെ ആ ജോലിക്ക് ഒരു തീരുമാനമായി... ഇനി അടുത്തത് എന്ത് എന്ന ആലോചനയിൽ ഞാൻ വീട്ടിലേക്ക് മടങ്ങി...

Latest News