Sorry, you need to enable JavaScript to visit this website.

ഗൾഫ് രാജ്യങ്ങൾക്കാകെ ഒരു ടൂറിസം പദ്ധതി; കൂടുതൽ പേരെ ആകർഷിക്കും-സൗദി മന്ത്രി

ജിദ്ദ - ഗൾഫ് രാജ്യങ്ങൾ ഏകീകൃത ടൂറിസം തന്ത്രത്തിന് രൂപംനൽകുന്നത് ലോക രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികളെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽഖതീബ് പറഞ്ഞു. ഒമാനിൽ ചേർന്ന ഏഴാമത് ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയിൽ ഗൾഫ് രാജ്യങ്ങൾ ആസ്വദിക്കുന്ന ഉയർന്ന മത്സരക്ഷമതയുടെ ഫലമായി, ഏകീകൃത ടൂറിസം തന്ത്രം അംഗീകരിക്കപ്പെടുന്നതോടെ വിദേശ ടൂറിസ്റ്റുകൾക്ക് ഗൾഫ് രാജ്യങ്ങൾക്കിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാനുള്ള അവസരങ്ങൾ ലഭ്യമാകും. 
ഗൾഫ് രാജ്യങ്ങളിലെ സുരക്ഷ, രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത എന്നിവ ഗൾഫ് ടൂറിസ്റ്റ് തന്ത്രം യാഥാർഥ്യമാക്കാനുള്ള പ്രധാനവും ശക്തവുമായ കാരണമാണ്. ഗൾഫ് ടൂറിസ്റ്റ് തന്ത്രത്തിൽ ഉൾപ്പെടുന്ന പദ്ധതികളും ലക്ഷ്യങ്ങളും ആഗോള തലത്തിൽ ഗൾഫ് മേഖലയുടെ മത്സരശേഷി വർധിപ്പിക്കുകയും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റൽ പശ്ചാത്തല സൗകര്യ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുകയും, സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിപ്പിക്കുകയും ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടൂറിസം മേഖല അതിന്റെ പ്രാധാന്യവും വലിയ ശേഷിയും തെളിയിച്ചിട്ടുണ്ട്. 
ടൂറിസം മേഖലാ വികസനചത്തിൽ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞ വർഷം സൗദി അറേബ്യക്ക് സാധിച്ചു. ടൂറിസം മേഖലയിലെ പ്രകടനം ഏറെ മെച്ചപ്പെട്ടതായി ഇതുമായി ബന്ധപ്പെട്ട പ്രകടന സൂചകങ്ങൾ വ്യക്തമാക്കുന്നു. പ്രാദേശിക ടൂറിസം സൂചകങ്ങൾ റെക്കോർഡ് നിലയിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷാവസാനത്തോടെ ടൂറിസം മേഖല 8,80,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഈ വർഷവും ടൂറിസം മേഖലയിൽ മികച്ച പ്രകടനവും വളർച്ചയും തുടരും. 
നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെയും പ്രവർത്തനവും നടത്തിപ്പും വ്യവസ്ഥാപിതമാക്കുന്നതുമായി ബന്ധപ്പെട്ട പത്തു നിയമാവലികൾ പുറത്തിറക്കിയതിലൂടെ സമ്പന്നമായ ഒരു ടൂറിസം ഭാവി കെട്ടിപ്പടുക്കാനുള്ള പാതയിലാണ് സൗദി അറേബ്യ. ബിസിനസ് എളുപ്പം, ഇന്നൊവേഷൻ, സുസ്ഥിരത, സേവന നിലവാരം മെച്ചപ്പെടുത്തൽ, ടൂറിസ്റ്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, ടൂറിസം മേഖലക്ക് പിന്തുണ നൽകൽ, സ്വദേശി യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കൽ എന്നിവയെല്ലാം കണക്കിലെടുത്താണ് പുതിയ നിയമാവലികൾ പുറത്തിറക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള ടൂറിസം മേഖലാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളും ടൂറിസം വിപണിയുമായി ബന്ധപ്പെട്ട പുതിയ പ്രവർത്തന മേഖലകളും പുതിയ നിയമാവലികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അഹ്‌മദ് അൽഖതീബ് പറഞ്ഞു.

Latest News