Sorry, you need to enable JavaScript to visit this website.

റിയാദിലെ അന്താരാഷ്ട്ര ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ ക്ലാസെടുക്കുന്നത് മലയാളി ഗവേഷകന്‍

റിയാദ്- മല്‍ഹമില്‍ ഒക്ടോബര്‍ 14 വരെ നടക്കുന്ന അന്താരാഷ്ട്ര ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ സന്ദര്‍ശകര്‍ക്ക്് ഫാല്‍ക്കനുകളെ കുറിച്ച് ക്ലാസെടുക്കാന്‍ പ്രമുഖ ഫാല്‍ക്കന്‍ ശാസ്ത്രജ്ഞന്‍ മലയാളിയായ ഡോ. സുബൈര്‍ മേടമ്മല്‍ റിയാദില്‍ എത്തി. ഫാല്‍ക്കന്‍ പക്ഷികളുടെ ചരിത്രവും അവയുടെ സ്വഭാവരീതികളും മറ്റുമാണ് ഇദ്ദേഹം സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചുനല്‍കുന്നത്. 27 വര്‍ഷമായി ഫാല്‍ക്കന്‍ ഗവേഷണ പഠനത്തില്‍ മുഴുകിയ ഇദ്ദേഹം കഴിഞ്ഞ വര്‍ഷവും ഇവിടെയെത്തിയിരുന്നു.
യുഎഇ ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗമായ ഡോ. സുബൈര്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയാണ്. മൂന്നു മൊഡ്യൂള്‍ ആയാണ് ഇദ്ദേഹത്തിന്റെ ക്ലാസ്. ഫാല്‍ക്കനെ കുറിച്ചുള്ള പൊതു കാര്യമാണ് ഒന്നാമത്തേത്. ബ്രീഡിംഗ്, ഫീഡിംഗ് ആണ് രണ്ടാമത്തേത്. പാരമ്പര്യവും ആധുനികവുമായ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂന്നാമത്തെ മൊഡ്യൂളില്‍ ആണ്. മുക്കാല്‍ മണിക്കൂര്‍ സമയമാണ് ഭാവിയിലെ ഫാല്‍ക്കന്‍ വേട്ടകാരന്‍ എങ്ങനെ ആകാം എന്ന സെഷനില്‍ ഇദ്ദേഹം ക്ലാസെടുക്കുന്നത്. സൗദി അറേബ്യയിലെ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കും ഫാല്‍ക്കന്‍ താത്പര്യക്കാര്‍ക്കും വളരെ വിശദമായാണ് ഇദ്ദേഹം ക്ലാസെടുക്കുന്നത്. സംശയനിവാരത്തിനും അവസരമുണ്ട്. സൗദികളുടെ വസ്ത്രം ധരിച്ചാണ് ക്ലാസ്. സൗദി ഫാല്‍ക്കന്‍ ക്ലബ്ബിന്റെ അതിഥിയായാണ് ഇത്തവണയും ഇദ്ദേഹം എത്തിയത്. മല്‍ഹമിലെ അന്താരാഷ്ട്ര ഫാല്‍ക്കന്‍ മേള. 40 ഇനം ഫാല്‍ക്കനുകള്‍ ലോകത്തുണ്ട്. അതില്‍ പത്തിനം സൗദിയിലാണ്. ലോകത്തെ ഫാല്‍ക്കന്‍ വേട്ടക്കാരില്‍ അമ്പത് ശതമാനവും സൗദി അറേബ്യയിലാണുള്ളത്. പ്രത്യേക കാഴ്ചക്ക് സാധ്യമാകുന്ന കണ്ണിന്റെ ഘടയാണ് അതിനുളളത്. 13 കൊല്ലം മുതല്‍ 25 കൊല്ലം വരെ ജീവിക്കും. ഒരു കൊല്ലം മൂന്നു മുതല്‍ നാലു വരെ മുട്ടയിടും. മൂക്കില്‍ പ്രത്യേക സൂചിരൂപത്തിലുള്ള ഭാഗമുണ്ട്. ഇതാണ് അവയെ വേഗത്തില്‍ പറക്കാന്‍ പ്രാപ്തമാക്കുന്നത്. ഇന്ത്യയില്‍ കാണുന്ന പെരിഗ്രീന്‍ ഫാല്‍ക്കന്‍ മണിക്കൂറില്‍ 390 കിലോമീറ്റര്‍ സഞ്ചരിക്കും. ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ വിറ്റുപോകുന്നത് സഖര്‍ ഫാല്‍ക്കനുകളാണ്. സൗദികള്‍ക്ക് ഏറ്റവും ഇഷ്ടവും അതാണ്. ജീര്‍ ഫാല്‍ക്കനാണ് വലുപ്പവും വിലക്കൂടുതലും ഉള്ളത്്. ഇന്ത്യയില്‍ കാണപ്പെടുന്ന ഷാഹീന്‍ ഫാല്‍ക്കന്‍ വേട്ടക്കും വേഗതക്കും പേരുകേട്ടതാണ്. ഡോ. സുബൈല്‍ പറഞ്ഞു. 47 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനാണിപ്പോള്‍. 27 വര്‍ഷമായി ഫാല്‍ക്കന്‍ പഠനത്തില്‍ വ്യാപൃതനാണ്. 2004 ഡോക്ടറേറ്റും ലഭിച്ചു.

English Summary: A Malayali researcher is taking classes at the International Falcon Exhibition in Riyadh

Tags

Latest News