Sorry, you need to enable JavaScript to visit this website.

വയലാര്‍ അവാര്‍ഡ്; ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണത്തെ എതിര്‍ത്ത് സി രാധാകൃഷ്ണന്‍

കൊച്ചി- വയലാര്‍ അവാര്‍ഡ് തനിക്ക് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്നും പ്രമുഖനായ ഒരു കവി തന്റെ പേര് വെട്ടിയതായി അറിയാമെന്നും പറഞ്ഞ ശ്രീകുമാരന്‍ തമ്പിക്ക് മറുപടിയുമായി നോവലിസ്റ്റ് സി രാധാകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് ശ്രീകുമാരന്‍ തമ്പിയുടെ കൃതിക്ക് വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ശ്രീകുമാരന്‍ തമ്പി തന്നെ മുമ്പുതന്നെ കിട്ടേണ്ടതായിരുന്നു ഈ പുരസ്‌ക്കാരമെന്ന പ്രതികരണവുമായി എത്തിയത്. 

പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ ശ്രീകുമാരന്‍ തമ്പി നടത്തിയ പ്രതികരണം ഇത്ര വേണ്ടിയിരുന്നില്ലെന്നാണ് സി രാധാകൃഷ്ണന്‍ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന് തന്നെ അക്കാര്യം തോന്നിയിരിക്കാമെന്നും സി രാധാകൃഷ്ണന്‍ വിശദമാക്കി. 

വയലാര്‍ അവാര്‍ഡ് കിട്ടിയവരില്‍ ആരെങ്കിലും അനര്‍ഹരാണോ എന്ന് പറയാനാവുമോ എന്നു ചോദിച്ച സി രാധാകൃഷ്ണന്‍ അതില്‍ തന്റെ കാര്യം മറ്റുള്ളവര്‍ പറയേണ്ടതായതിനാല്‍ അക്കാര്യം വിടുന്നു എന്നും വിശദമാക്കുന്നു. 

സി രാധാകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 

ശ്രീകുമാരന്‍ തമ്പിയുടെ വയലാര്‍ അവാര്‍ഡ് പ്രതികരണത്തെക്കുറിച്ച് സി ഐ സി സി ജയചന്ദ്രന്‍ മുഖ പുസ്തകത്തില്‍ എഴുതിയ കുറിപ്പ് കണ്ടു. അതേപ്പറ്റി ഒന്നുരണ്ട് കാര്യങ്ങള്‍  എനിക്ക് പറയുവാനുണ്ട് 

പുരസ്‌കാര പ്രഖ്യാപനത്തോട് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം ഇത്ര  വേണമായിരുന്നോ എന്നൊരു ശങ്ക. ഈ ശങ്ക ഇതിനകം തമ്പിക്ക് തന്നെ തോന്നിയിരിക്കാം എന്ന് കരുതുന്നു. അഥവാ ഇല്ലെങ്കില്‍, കുറച്ചു കൊണ്ടേ ഉള്ളൂ എങ്കിലും, പ്രായത്തില്‍ എന്നെക്കാള്‍ കുറവായതുകൊണ്ട് ഇക്കാര്യം ഓര്‍മ്മപ്പെടുത്താം എന്ന് കരുതുകയാണ്.

ഇന്നോളം വയലാര്‍ പുരസ്‌കാരം കിട്ടിയവരില്‍ ആരെങ്കിലും അതിന് തീര്‍ത്തും അനര്‍ഹന്‍ എന്ന് പറയാമോ? (ഒരുപക്ഷേ ഞാനൊഴികെ! എന്റെ കാര്യം പറയേണ്ടത് ഞാന്‍ അല്ലല്ലോ!)

പിന്നെ പുറകില്‍ ആര്‍പ്പുവിളിക്കാന്‍ ആളുണ്ടാകുന്നത് ഒന്നിനും തെളിവല്ല. ഏതെങ്കിലും ഒരു സംഘത്തോട് ചേര്‍ന്ന് നിന്നാല്‍ അത് നടക്കും. നമ്മെക്കുറിച്ച് നമുക്ക് തന്നെയുള്ള മതിപ്പ് വെറുതെ ഊതി പെരുപ്പിക്കാന്‍ ആരെയെങ്കിലുമൊക്കെ അനുവദിക്കുകയാണോ കരണീയം?

ഉപനിഷത്തിലെ പൂര്‍ണ്ണശൂന്യങ്ങള്‍ ആധുനിക ഗണിതത്തിലെ ഇന്‍ഫിനിറ്റി ആണെന്ന് കരുതുന്നതിലെ അബദ്ധം തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. സൂത്രേ മണി ഗണാ ഇവ എന്ന ഗീതാശ്ലോകം സ്ട്രിങ് തിയറി തന്നെയാണ് എന്നും നേരത്തെ ആരോ പറഞ്ഞിരുന്നു. ഇല്ലാപ്പാലത്തിലൂടെ നടക്കാന്‍ ഇറങ്ങരുത് എന്ന് അന്നേ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി.

രക്തരൂഷിതമായ വിപ്ലവമൊക്കെ എല്ലാ പരീക്ഷണങ്ങളിലും തോറ്റുപോയി. പക്ഷേ, ജനായത്ത സോഷ്യലിസം എന്നൊന്ന് ഇല്ലെങ്കില്‍ മനുഷ്യര്‍ക്ക് സ്വതന്ത്രരായി പുലരാന്‍ കഴിയുമോ?

കവി കവിതയെ കുറിച്ച് അല്ലാതെ വല്ലതും പറയുമ്പോള്‍ മൂന്നൂറു വട്ടം ആലോചിച്ചാല്‍ മതിയോ?

'വശേഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിത' എന്നല്ലേ?

Latest News