ഇസ്രായലില്‍ പരിക്കേറ്റ കണ്ണൂര്‍ക്കാരി  ഷീജ അപകടനില തരണം ചെയ്തു

ടെല്‍ അവീവ്-ഹമാസ് ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കേറ്റത് വീട്ടിലേക്ക് വിഡിയോ കോള്‍ ചെയ്യുന്നതിനിടെ. മിസൈല്‍ ആക്രമണത്തില്‍ ഷീജ ആനന്ദിന്റെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. യുവതി അപകടനില തരണം ചെയ്‌തെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.ഇന്നലെയാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയായ ഷീജയ്ക്ക് പരുക്കേല്‍ക്കുന്നത്. വടക്കന്‍ ഇസ്രയലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭര്‍ത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ ജോലിചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ശസ്ത്രക്രിയകഴിഞ്ഞ് ടെല്‍ അവീവ് ആശുപത്രിയില്‍ ഷീജ ചികിത്സയിലാണെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഡോക്ടറുടെ ഫോണ്‍വഴി വീഡിയോകോളില്‍ കണ്ടിരുന്നെന്നും സഹോദരി ഷിജി പറഞ്ഞു.

Latest News