Sorry, you need to enable JavaScript to visit this website.

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക  ശമ്പളത്തില്‍ പുനര്‍നിയമനം,  ഐഎഎസുകാര്‍ക്ക് പിടിക്കുന്നില്ല 

തിരുവനന്തപുരം- വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക ശമ്പളത്തിലുള്ള പുനര്‍ നിയമനം സംസ്ഥാനത്ത് പതിവാകുന്നതില്‍ ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി. കേഡര്‍ പദവികളിലേക്ക് പുതിയ ആളുകള്‍ക്ക് എത്താനാകുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന് താല്‍പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ട്. പ്രത്യേക തസ്തികയുണ്ടാക്കിയും ശമ്പളത്തോടൊപ്പം പെന്‍ഷന്‍ നല്‍കാന്‍ ചട്ടം ഭേദഗതി ചെയ്തുമൊക്കെയാണ് വാരിക്കോരിയുള്ള പുനര്‍നിയമനങ്ങള്‍.
വിരമിച്ച മുന്‍ ചീഫ് സെക്രട്ടരി വി പി ജോയിക്ക് ചീഫ് സെക്രട്ടറിയെക്കാള്‍ ശമ്പളം വാങ്ങാന്‍ അവസരമുണ്ടായത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോഡിന്റെ ചെയര്‍മാന്‍ തസ്തികയിലേക്ക് വി പി ജോയിയെ പരിഗണിക്കുന്നതിന് സര്‍വ്വീസ് റൂളിലെ ചട്ടം വരെ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പെന്‍ഷന്‍ കഴിഞ്ഞുള്ള അവസാന ശമ്പളമാണ് സാധാരണ പുനര്‍ നിയമനങ്ങള്‍ക്ക് കിട്ടാറുള്ളതെങ്കില്‍, വി പി ജോയിക്ക് പെന്‍ഷനും ശമ്പളവും ഒരുമിച്ചാണ് കിട്ടുന്നത്. സമാന രീതിയില്‍ സര്‍വ്വീസില്‍ തുടരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് മുന്‍ ചീഫ് സെക്രട്ടറി ഡോ, കെ എം എബ്രഹാം. വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പുനര്‍ നിയമനത്തില്‍ പല ചുമതലകളും ഇദ്ദേഹത്തിന്റെ കൈവശമാണുള്ളത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമല്ല കിഫ്ബി സിഇഒ സ്ഥാനത്തും കെ ഡിസ്‌കിന്റെ തലപ്പത്തും കെഎം എബ്രഹാമാണ്. ചീഫ് സെക്രട്ടറിയായി വര്‍ഷങ്ങള്‍ക്ക് മുമ്പെ വിരമിച്ച കെ ജയകുമാറിനെ തുടരെത്തുടരെ പദവികള്‍ തേടിയെത്തുന്നു. ഇപ്പോള്‍ ഐഎംജി ഡയറക്ടറാണ്. അതിന് മുന്‍പ് മലയാള സര്‍വകലാശാല വിസി, ഇതിനെല്ലാം ഇടക്ക് പല പല ചുമതലകള്‍ വേറെയും.
വിരമിച്ച വിശ്വാസ് മേത്ത സംസ്ഥാന വിവരാവകാശ കമ്മീഷണറാണ്. കിഫ്ബി അഡീഷണല്‍ സിഇഒ ആയി സത്യജിത്ത് രാജനും ഇലട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്മാനായി ടി കെ ജോസും സേവനം തുടരുന്നു. റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍, ഇന്‍കെല്‍ എംഡി ഡോ. കെ ഇളങ്കോവന്‍, സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണര്‍ എ ഷാജഹാന്‍, അസാപ്പിന്റെ തലപ്പത്ത് ഉഷ ടൈറ്റസ് ഇങ്ങനെ പോകുന്നു പുനര്‍ നിയമനങ്ങള്‍. എന്‍ട്രന്‍സ് കമ്മീഷണറായി ഇരുന്ന ബിഎസ് മാവോജി എസ്ഇഎസ്ടി കമ്മീഷന്‍ ചെയര്മാനായും ഡിജിപിയായി വിരമിച്ച ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായും തുടരുന്നു. വി തുളസീദാസ്, യു വി ജോസ്, ഡോ. സന്തോഷ് ബാബു, പോള്‍ ആന്റണി തുടങ്ങി ഒറ്റ നോട്ടത്തില്‍ തന്നെയുണ്ട് 30 ലേറെ പുനര്‍നിയമനം.
ഐഎംജി ഡയറക്ടര്‍ തസ്തിക അടക്കം ചിലത് കേഡര്‍ തസ്തികയാണ്. വിരമിച്ചവര്‍ തുടരുന്നതിനാല്‍ ഐഎഎസ്സുകാര്‍ക്ക് നഷ്ടമാകുന്നത് ഇത്തരം കേഡര്‍ പോസ്റ്റുകളാണ്. കൂട്ട പുനര്‍നിയമനത്തിനെതിരെ ഐഎഎസ് അസോസിയേഷന്‍ സര്‍ക്കാറിന് നേരത്തെ കത്ത് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. കേഡര്‍ പോസ്റ്റുകളിലെ വിരമിച്ചവരുടെ നിയമനത്തിനെതിരെ അസോസിയേഷന്റെ പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കഴിവും സേവന പരിചയവും കണക്കിലെടുത്താണ് മികച്ചവരെ സര്‍വ്വീസില്‍ നിലനിര്‍ത്തുന്നതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. പുതിയവര്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം വേണ്ടോ എന്ന ചോദ്യമാണിവിടെ ഐഎഎസ് അസോസിയേഷന്‍ ഉയര്‍ത്തുന്നത്. മികവ് മാനദണ്ഡമെന്ന് പറയുമ്പോഴും മിക്ക പുനര്‍നിയമനവും കിട്ടുന്നത് സര്‍ക്കാറിന് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് മാത്രവുമാണ്.

Latest News