ജറുസലം - ശനിയാഴ്ച തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 700 ആയതായി റിപ്പോര്‍ട്ട്. 2170 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസ മുനമ്പിന് ചുറ്റുമുള്ള ഇസ്രായിലി കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന് 750 ലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയതാണെന്ന് കരുതുന്നു.
ഇസ്രായിലിന്റെ ചരിത്രത്തില്‍ ഇത്ര വലിയ ആഘാതം അവര്‍ക്ക ഏറ്റിട്ടില്ല. കരയിലൂടെയും കടലിലൂടെയും ഇസ്രായിലിനകത്തു കടന്ന് നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ കണക്ക് ഓരോ മണിക്കൂര്‍ കഴിയുമ്പോഴും കൂടി വരികയാണ്. ഹമാസ് പോരാളികള്‍ ഇപ്പോഴും ഇസ്രായിലിനകത്തുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിനു ശേഷം ഇസ്രായില്‍ ഭാഗത്ത് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡസന്‍ കണക്കിന് ഇസ്രായിലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായിലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ 313 പേര്‍ കൊല്ലപ്പെട്ടതായും രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റതായും ഗാസയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഗാസക്ക് സമീപമുള്ള ഇസ്രായില്‍ പ്രദേശത്ത് ഇസ്രായില്‍ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. 'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ്' എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. 'ഓപ്പറേഷന്‍ അയണ്‍ സോഡ്' എന്ന പേരിലാണ് ഇസ്രായിലിന്റെ തിരിച്ചടി.