കോഴിക്കോട് - കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പത്തിലധികം ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്.
രാവിലെ പത്ത് മണിയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വന്ന പ്രദേശവാസികളാണ് തീ ആദ്യം കണ്ടത്. പിന്നാലെ ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ആദ്യം ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ എത്തിയെങ്കിലും തീ പടർന്നതോടെ കൂടുതൽ ഫയർഫോഴ്‌സ് സംഘം എത്തുകയായിരുന്നു. സഹായത്തിന് ഇന്ത്യൻ ആർമിയുടെ 122 ഇൻഫെന്ററി ബറ്റാലിയനുമുണ്ട്. സമീപത്ത് വീടുകൾ ഇല്ലാത്തത് തീപിടിത്തത്തിന്റെ ആഘാതം കുറച്ചു.
പ്രദേശത്തൊന്നാകെ പുകയും ദുർഗന്ധവും നിറഞ്ഞിരിക്കുകയാണ്. വരയ്ക്കലിനു സമീപം തീരദേശ റോഡിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം.
റോഡരികിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് വേർതിരിച്ച ശേഷം കയറ്റി അയക്കുകയാണ് ചെയ്തിരുന്നത്. ദിവസം അഞ്ചു ലോഡ് മാലിന്യം കൊണ്ടുവന്നു തള്ളുമ്പോൾ ഒരു ലോഡാണ് കൊണ്ടുപോകാറുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, മാസങ്ങളായി മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടിരിക്കുകയാണിവിടെ.
അതിനിടെ, പ്രദേശത്തേക്ക് വീണ്ടും മാലിന്യങ്ങൾ കയറ്റിയ ലോറി എത്തിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് ഇനിയും മാലിന്യങ്ങൾ കുട്ടിയിടാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ജെ സി ബി ഉപയോഗിച്ച് മാലിന്യത്തിന്റെ അടിത്തട്ടിലേക്ക് പടർന്ന തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മേയർ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവിടെ ആറാം തവണയാണ് തീപിടിത്തമുണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇത്രയും വലിയ തീപിടിത്തം ഇതാദ്യമാണ്.