നിതിന്‍ ഗഡ്കരിയെ ഭീഷണിപ്പെടുത്തിയ പ്രതി ജയിലില്‍ കമ്പി വിഴുങ്ങി

നാഗ്പൂര്‍-കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ വെച്ച് ഇരുമ്പ് കമ്പി വിഴുങ്ങി. ഇപ്പോള്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാന്ത എന്ന ജയേഷ് പൂജാരി നിരീക്ഷണത്തിലാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താന്‍ ഒരു കഷണം കമ്പിയും 50 ഗുളികകളും വിഴുങ്ങിയതായി പ്രതി ജയില്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ അവകാശവാദം ആവര്‍ത്തിച്ചു. തുടര്‍ന്ന് കോടതിയുടെ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ കമ്പിക്കഷണങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനില തകരാറിലായില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീണ്ടും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ പ്രതിയുടെ ആരോഗ്യനില ജയിലിലെ മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താന്‍ നേരത്തെ തടവില്‍ കഴിഞ്ഞിരുന്ന ബെലഗാവി ജയിലിലേക്ക് മാറ്റാന്‍ പൂജാരി പലതവണ ആവശ്യപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവിടെ ക്രിമിനല്‍ ശൃംഖല കെട്ടിപ്പടുക്കുകയും മൊബൈല്‍ ഫോണുകളും മറ്റ് ചില സൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്തതിനാലാണ് ആ ജയിലിലേക്ക് മാറാന്‍ ആഗ്രഹിച്ചതെന്ന് സംശയിക്കുന്നു.

ബെലഗാവി ജയിലില്‍ കഴിയവേ, ഈ വര്‍ഷം ജനുവരിയില്‍ ബംഗളൂരു ഭീകരാക്രമണക്കേസിലെ പ്രതി അഫ്‌സര്‍ പാഷയുമായി ഒത്തുകളിച്ചതിന് ശേഷമാണ് പൂജാരി ഗഡ്കരിയുടെ ഓഫീസിലേക്ക് ഭീഷണി കോളുകള്‍ വിളിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട് ഇയാള്‍ 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 21 ന്  വീണ്ടും വിളിച്ചതിനെ തുടര്‍ന്നാണ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി നാഗ്പൂരിലേക്ക് കൊണ്ടുവന്നത്.

 

Latest News