Sorry, you need to enable JavaScript to visit this website.

ലിബിയയിലെ അനുഭവം പാഠമാകണം, മുല്ലപ്പെരിയാറില്‍ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത

തൊടുപുഴ-മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത.ആളുകളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണ് എന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ആശങ്കയുണ്ടെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂയോര്‍ക്ക് ടൈംസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടിട്ടുള്ളത്. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കാലപഴക്കം കൊണ്ടും ബലക്ഷയം കൊണ്ടും ഡാം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. കേരള സര്‍ക്കാരും തമിഴ്നാടും സര്‍ക്കാരും ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തണം. ഇരു സംസ്ഥാനവും ചര്‍ച്ച നടത്തി സമയവായത്തിലെത്തണം. അടിയന്തരമായി ചര്‍ച്ചകള്‍ നടത്തണം. ഇടുക്കിയിലെ ജനങ്ങള്‍ വിഷയത്തില്‍ കടുത്ത ആശങ്കയിലാണ്. ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി റിപ്പോര്‍ട്ടിന്റെ ഗൗരവും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.
ഇക്കഴിഞ്ഞ മാസം മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാപരിശോധന ഉടന്‍ നടത്താന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരനായ ഡോ. ജോ ജോസഫ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അടക്കം സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളില്‍ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാര്‍ ആണെന്ന് നദികളുടെ നിലനില്‍പ്പും നദീതട സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ റിവേഴ്‌സ് ആണ് പഠനം നടത്തിയത്. ഈ പഠനം ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഡാമിനെക്കുറിച്ചുള്ളത്.

Latest News