മുഖവും ലോഗോയും മാറിയ എയര്‍ ഇന്ത്യയുടെ 'പുതിയ മുഖം' പുറത്തുവിട്ടു

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ ലോഗോയും ലുക്കും മാറുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ നടത്തുന്ന മുഖംമിനുക്കല്‍ നടപടികളുടെ ഭാഗമായാണ് ലുക്കും ലോഗോയും മാറുന്നത്. 

എയര്‍ ഇന്ത്യയുടെ പുതിയ മുഖവുമായി എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തു വിട്ടു. ഫ്രാന്‍സിലെ ടൗലൗസിലെ വര്‍ക്ക്ഷോപ്പില്‍നിന്നുള്ള ചിത്രങ്ങളാണ് എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ വിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലേക്കെത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 

ചുവപ്പ്, വയലറ്റ്, സ്വര്‍ണ നിറങ്ങളോടുകൂടിയതാണ് പുതിയ ലോഗോ. പരിമിതികളില്ലാത്ത സാധ്യതകളെയാണ് ലോഗോ സൂചിപ്പിക്കുന്നതെന്നാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ നേരത്തെ അറിയിച്ചത്. 2025 ഓടെ എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങള്‍ക്കും പുതിയ ലോഗോ ആകുമെന്ന് എയര്‍ ഇന്ത്യ സി. ഇ.ഒ കാംബെല്‍ വില്‍സണും അറിയിച്ചു.

Latest News