Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിനോദ സഞ്ചാര വ്യവസായ മേഖലയിൽ വൻ വളർച്ച

റിയാദ്- കോവിഡ് വ്യാപനത്തിൽ നിന്നുള്ള വീണ്ടെടുപ്പ് മുതൽ സൗദിയിൽ വിനോദ സഞ്ചാര വ്യവസായ മേഖല സാക്ഷ്യം വഹിക്കുന്നത് വൻ വളർച്ചക്ക്. കഴിഞ്ഞ വർഷാദ്യം മുതൽ ഈ കൊല്ലം രണ്ടാം പാദാവസാനം വരെയുള്ള ഒന്നര വർഷക്കാലത്ത് ടൂറിസം മേഖലയിൽ ധനവിനിയോഗം 178.2 ബില്യൺ റിയാലായി ഉയർന്നു. കൊറോണ വ്യാപനത്തിനു മുമ്പ് 2018 രണ്ടാം പകുതിയും 2019ഉം അടങ്ങിയ ഒന്നര വർഷത്തിനിടെ ടൂറിസം മേഖലയിലെ ധനവിനിയോഗത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒന്നര വർഷത്തിനിടെ ധനവിനിയോഗം ഇരട്ടിയിലേറെ വർധിച്ചു. 2018 രണ്ടാം പകുതിയും 2019 ഉം അടങ്ങിയ ഒന്നര വർഷത്തിനിടെ ടൂറിസം മേഖലയിലെ ധനവിനിയോഗം 89.3 ബില്യൺ റിയാലായിരുന്നു. 
സാമ്പത്തിക വളർച്ചയിൽ വിനോദ സഞ്ചാര വ്യവസായ മേഖലയുടെ പങ്ക് വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ടൂറിസം മേഖലാ ധനവിനിയോഗത്തിൽ വൻ വളർച്ച രേഖപ്പെടുത്തിയത്. സൗദിയിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിലെ വലിയ വളർച്ചയുടെ ഫലമായി കോവിഡ് മഹാമാരിക്കു മുമ്പുള്ള ഒന്നര വർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒന്നര കൊല്ലത്തിനിടെ ടൂറിസം മേഖലയിലെ ധനവിനിയോഗ മിച്ചം പലമടങ്ങ് വർധിച്ചു. ഒന്നര വർഷത്തിനിടെ വിനോദ സഞ്ചാര വ്യവസായ മേഖലയിലെ ധനവിനിയോഗ മിച്ചം 74.7 ബില്യൺ റിയാലായി ഉയർന്നു. കോവിഡ് വ്യാപനത്തിനു മുമ്പുള്ള ഒന്നര വർഷത്തിനിടെ ഇത് 12.7 കോടി റിയാൽ മാത്രമായിരുന്നു. 
സൗദിയിൽ നിന്ന് വിദേശങ്ങളിലേക്ക് പോയ ടൂറിസ്റ്റുകളുടെ ധനവിനിയോഗം ഇക്കാലയളവിൽ 16 ശതമാനം തോതിൽ മാത്രമാണ് വർധിച്ചത്. ഒന്നര കൊല്ലത്തിനിടെ സൗദിയിൽ നിന്ന് വിദേശങ്ങളിലേക്ക് പോയ വിനോദ സഞ്ചാരികളുടെ ധനവിനിയോഗം 103.5 ബില്യൺ റിയാലായിരുന്നു. കോവിഡിനു മുമ്പുള്ള ഒന്നര വർഷത്തിനിടെ ഇത് 89.1 ബില്യൺ റിയാലായിരുന്നു. 
ഈ വർഷം രണ്ടാം പാദത്തിൽ സൗദിയിൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗം 46.6 ബില്യൺ റിയാലായി. ഇത് സർവകാല റെക്കോർഡ് ആണ്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ രണ്ടാം പാദത്തിൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗം 121 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ സൗദിയിൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗം 21.1 ബില്യൺ റിയാലായിരുന്നു. 
രണ്ടാം പാദത്തിൽ ടൂറിസം മേഖലാ ധനവിനിയോഗത്തിലെ മിച്ചം 231 ശതമാനം തോതിൽ വർധിച്ച് 22.8 ബില്യൺ റിയാലായി. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ഇത് 6.9 ബില്യൺ റിയാലായിരുന്നു. രണ്ടാം പാദത്തിൽ സൗദിയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ വിദേശങ്ങളിൽ നടത്തിയ ധനവിനിയോഗം 68 ശതമാനം തോതിലും വർധിച്ചു. രണ്ടാം പാദത്തിൽ സൗദി ടൂറിസ്റ്റുകൾ വിദേശങ്ങളിൽ 23.7 ബില്യൺ റിയാൽ ചെലവഴിച്ചു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ഇത് 14.2 ബില്യൺ റിയാലായിരുന്നു. 

Latest News