ജറുസലം - ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ വ്യാപകമായ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ പ്രദേശത്ത് 198 പേരെങ്കിലും കൊല്ലപ്പെടുകയും 1,610 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയില്‍ ഇസ്രായേല്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തുകയും തീരപ്രദേശത്തിന് ചുറ്റുമുള്ള അതിര്‍ത്തി വേലിയില്‍ തോക്കുധാരികളുമായി ഏറ്റുമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് മരണസംഖ്യ ഇത്രയുമായത്.
ഗാസ മുനമ്പിലെ ഭരണകക്ഷിയായ ഹമാസ് തീവ്രവാദി സംഘം ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലിനെതിരെ അഭൂതപൂര്‍വമായ ആക്രമണമാണ് നടത്തിയത്. ആയിരക്കണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടു, ഡസന്‍ കണക്കിന് പോരാളികള്‍ കനത്ത സുരക്ഷയുള്ള അതിര്‍ത്തിയിലേക്ക് നിരവധി സ്ഥലങ്ങളില്‍ വായു, കര, കടല്‍ മാര്‍ഗങ്ങള്‍ നുഴഞ്ഞുകയറി.