മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധികക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് നരേന്ദ്രമോഡിക്കു കൈമാറിയത്. ദല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ജനുവരി പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ചാണ് വിവാഹം. ശ്രേയസ് മോഹനാണ് വരന്‍. കഴിഞ്ഞ ജൂലൈയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിവാഹ റിസപ്ഷന്‍ നടക്കും.

പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങള്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കി. 'കുടുംബങ്ങളുടെ നേതാവ്' എന്ന ക്യാപ്ഷനോടെയാണ് മോഡിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.

 

Latest News