ജറൂസലം- നാല്‍പതോളം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ സൈന്യം ഗാസയില്‍ വന്‍വ്യോമാക്രമണം നടത്തുന്നു.
'ഡസന്‍ കണക്കിന് ഐഡിഎഫ് യുദ്ധവിമാനങ്ങള്‍ നിലവില്‍ ഗാസ മുനമ്പിലെ ഹമാസ് സംഘടനയുടെ നിരവധി കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ്,' ഇസ്രായേല്‍ സൈന്യം പറഞ്ഞു.
കിഴക്കന്‍ ഗാസയിലെ നൂറുകണക്കിന് താമസക്കാര്‍ വീടുകള്‍ ഉപേക്ഷിച്ച് ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്തു.
പുരുഷന്മാരും സ്ത്രീകളും കുട്ടികളും പുതപ്പുകളും ഭക്ഷണവുമായാണ നാടുവിടുന്നത്.
ഇസ്രായേല്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശത്തിന്റെ ഭാഗമായ വെസ്റ്റ് ബാങ്കിലും ഉപരോധിച്ച ഗാസ മുനമ്പിലും ഇസ്രായേലും ഫലസ്തീന്‍ പോരാളികളും തമ്മില്‍ അക്രമം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ ആക്രമണം.
ജുഡീഷ്യറിയെ മാറ്റിമറിക്കാനുള്ള നീക്കങ്ങളെച്ചൊല്ലി ആഴത്തിലുള്ള ഭിന്നതകളാല്‍ തകര്‍ന്ന ഇസ്രായേലിലെ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ സമയത്താണ് ആക്രമണം.