Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്നതിന് പിന്നിൽ...

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വന്ധ്യംകരിക്കുകയെന്നതാണ് ഏകാധിപത്യ ഭരണകൂടം സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ ഇവിടെ നരേന്ദ്രമോഡി ഭരണകൂടം അടിയന്തരാവസ്ഥക്ക് സമാനമായി മാധ്യമങ്ങളെ പൂർണ്ണമായും തങ്ങളുടെ അധീനതയിലേക്ക് കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. അതിൽ വലിയ പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും മോഡിയുടെ സ്തുതിപാഠകരായി മാറിയതിന് പിന്നിലെ താൽപര്യങ്ങൾ ഗൗരവപൂർവ്വം പരിശോധിക്കപ്പെടേണ്ട വിഷയമാണ്. 

 

സ്വതന്ത്ര ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് 1975 മുതൽ 1977 വരെയുള്ള 21 മാസങ്ങളിലായിരുന്നു. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ അവകാശങ്ങളെയുമെല്ലാം തച്ചുതകർത്തുകൊണ്ടാണ് അക്കാലയളവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശാനുസരണം അന്നത്തെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായി വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ച് ഇന്ദിരാഗാന്ധി അന്ന് പറഞ്ഞത് ജനാധിപത്യത്തെ നിശ്ചലാവസ്ഥയിൽ കൊണ്ടെത്തിക്കാൻ സാധിച്ചുവെന്നാണ്. 
ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയുമെല്ലാം ചവിട്ടിയരച്ചുകൊണ്ട് രാജ്യത്താകെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ അന്നത്തെ ഭരണകൂടത്തിന് കഴിഞ്ഞു. പോലീസായിരുന്നു ഏറ്റവും വലിയ ആയുധം. പോലീസിനെ അഴിച്ചു വിട്ടുകൊണ്ട് ജനാധിപത്യവാദികൾക്കെതിരെ നരനായാട്ടാണ് നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളെല്ലാം നിശ്ചലമായി. ആയിരക്കണക്കിന് നേതാക്കൾ ജയിലിലായി. വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. 48 വർഷം മുൻപുണ്ടായിരുന്ന അടിയന്തരാവസ്ഥയുടെ ഭയാനകമായ ഓർമ്മകൾ ഇന്നും ഇന്ത്യയെ വിട്ടു പോയിട്ടില്ല. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ 48 വർഷത്തിന് ശേഷം ഇന്ത്യയിൽ വീണ്ടും അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം നിലനിൽക്കുകയാണ്. രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കാനായി പോലീസിനെയാണ് ഉപയോഗിച്ചതെങ്കിൽ നരേന്ദ്രമോഡി സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെയാണ് ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. 
എൻഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റും, ആദായനികുതി വകുപ്പും സി. ബി. ഐയുമെല്ലാം ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ഭരണകൂടത്തിന്റെ ആയുധങ്ങളായി മാറി കഴിഞ്ഞു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിൽ 2024 ലെ തെരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും അധികാരം പിടിക്കുന്നതിന് വേണ്ടിയാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്നത്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമെല്ലാം കഴിഞ്ഞ കുറച്ച് കാലമായി മോഡി ഭരണകൂടം തച്ചു തകർത്തുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ന്യൂസ് ക്ലിക്ക് എന്ന വാർത്താപോർട്ടലിനും അതിലെ മാധ്യമ പ്രവർത്തകർക്കുമെതിരെ നടപടികളെടുക്കുകയും അവരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് ഇരച്ചു കയറി മൊബൈൽ ഫോണുകളും ലാപ്പ്‌ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും മുതിർന്ന മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ കഴിഞ്ഞ കുറച്ച് കാലമായി നരേന്ദ്ര മോഡി നടപ്പാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ അതിന്റെ ഏറ്റവും ഭീതി ഉളവാക്കുന്ന അവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. 
2014 മെയ് മാസത്തിൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായിക്കൊണ്ട് സംഘപരിവാർ ഭരണകൂടം അധികാരത്തിൽ വന്നതു മുതൽ എല്ലാ ജനാധിപത്യ അവകാശങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് അത് അപ്രഖ്യാപിത അടിയന്തരാവസ്ഥയായി രൂപം പ്രാപിക്കുകയായിരുന്നു. ജനാധിപത്യത്തെ തടവിലാക്കിക്കൊണ്ട് തികച്ചും ഏകാധിപത്യ ഭരണമാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഇരകളാകേണ്ടി വരുന്നവരുടെ ലിസ്റ്റ് നീണ്ടുകൊണ്ടിരിക്കുകയാണ്. അതിൽ ജനാധിപത്യവാദികളുണ്ട്, അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകരുണ്ട്, രാഷ്ട്രീയ നേതാക്കളുണ്ട്, എഴുത്തുകാരും മാധ്യമ പ്രവർത്തകരുമുണ്ട്. ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന സാധാരണ മനുഷ്യരുണ്ട്. അതിന്റെയെല്ലാം തുടർച്ചയാണ് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ നാൽപതിലേറെ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കഴിഞ്ഞ ദിവസത്തെ നടപടി. ഇതേ വിഷയത്തിന്റെ പേരിൽ സി പി എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പോലും പോലീസ് കേറി നിരങ്ങി. 
അടിയന്തരാവസ്ഥക്ക് സമാനമായി ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ വലിയ ആക്രമണമാണ് കഴിഞ്ഞ കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം, വ്യാഴാഴ്ച മാത്രം പ്രതിപക്ഷ നേതാക്കളെ ലാക്കാക്കി ഒറ്റയടിക്ക് നാല് സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയത്. തമിഴ്‌നാട്, കർണ്ണാടക, തെലങ്കാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഒറ്റയടിക്ക് റെയ്ഡുകൾ നടന്നത്. കേരളം അടക്കം ബി ജെ പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ദേശീയ അന്വേഷണ ഏജൻസികളിൽ നിന്ന് വലിയ തോതിലുള്ള ഭീഷണികൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ്. അഴിമതിയെ കടപുഴയ്ക്കാൻ എന്ന പേരിൽ ഇവിടങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളെയാകെ അട്ടിമറിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബി ജെ പി നേരിട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ അവർക്ക് ഭരണത്തിൽ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളിലോ യാതൊരു അന്വേഷണമോ റെയ്‌ഡോ നടക്കുന്നുമില്ല. ദേശീയ അന്വേഷണ ഏജൻസികളെ എങ്ങനെ കൃത്യമായി രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും അത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ഏക പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. ഇതിന് മുൻപ് ഒരു ഭരണകൂടവും ഈ രീതിയിൽ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തിട്ടില്ല.
അടിയന്തരാവസ്ഥക്കാലത്തേക്കാൾ വലിയ ഭീതി ജനങ്ങളിലുണ്ടാക്കാനും പേടിപ്പിച്ച് കീഴ്‌പ്പെടുത്താനുമുള്ള നരേന്ദ്രമോഡിയുടെ തന്ത്രം വിജയിക്കുന്നുവെന്നതാണ് രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകത്തിലെ ഏകാധിപതികളെല്ലാം ചെയ്തുകൊണ്ടിരുന്നത് സ്വന്തം രാജ്യത്തെ ജനങ്ങളെ പേടിപ്പിച്ചു നിർത്തുകയെന്നതാണ്. ഏകാധിപത്യ ഭരണത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകളിലൊന്നാണ് ഈ പേടിപ്പിച്ചു നിർത്തൽ. ഇത് തന്നെയാണ് ഏകാധിപതിയുടെ വിജയവും. ആ അർത്ഥത്തിൽ നരേന്ദ്രമോഡി ഒരു തികഞ്ഞ ഏകാധിപതിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഏകാധിപത്യ ഭരണത്തിന്റെ എല്ലാവിധ ലക്ഷണങ്ങളും ഇന്ത്യൻ ഭരണകൂടം കഴിഞ്ഞ കുറച്ച് കാലങ്ങളായി കാണിച്ചു തുടങ്ങിയിട്ടുണ്ട്. 
എല്ലാ ഏകാധിപതികളും ഭയക്കുന്നത് ജനാധിപത്യത്തെയാണ്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ  തനിക്ക് വലിയ തിരിച്ചടി നേരിടുമെന്ന ഭയം നരേന്ദ്രമോഡിയെ ഗ്രസിച്ചിട്ടുണ്ട്. അധികാരത്തിന്റെ ചെങ്കോൽ നഷ്ടപ്പെടുകയെന്നത് മോഡിയ്ക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. ഈ ഭയം സംഘപരിവാർ നേതൃത്വത്തിനാകെയുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയെന്ന അവരുടെ പ്രഖ്യാപിത അജണ്ടയ്ക്കുള്ള മേൽക്കൂര മാത്രം പണിയാനായി  ബാക്കിയുള്ളപ്പോൾ ഭരണം നഷ്ടപ്പെട്ടുപോകുമോയെന്ന ഭയം വളരെ ആഴത്തിൽ അവരിൽ വേരൂന്നിയിട്ടുണ്ട്. അതിനെ തടയിടാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വന്ധ്യംകരിക്കുകയെന്നതാണ് ഏകാധിപത്യ ഭരണകൂടം സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ ഇവിടെ നരേന്ദ്രമോഡി ഭരണകൂടം അടിയന്തരാവസ്ഥക്ക് സമാനമായി മാധ്യമങ്ങളെ പൂർണ്ണമായും തങ്ങളുടെ അധീനതയിലേക്ക് കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. അതിൽ വലിയ പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും മോഡിയുടെ സ്തുതിപാഠകരായി മാറിയതിന് പിന്നിലെ താൽപര്യങ്ങൾ ഗൗരവപൂർവ്വം പരിശോധിക്കപ്പെടേണ്ട വിഷയമാണ്. അധീനതയിലേക്ക് വരാൻ തയ്യാറല്ലാത്ത മാധ്യമങ്ങൾക്ക് വലിയ ഭയപ്പാടോടെ മാത്രമേ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് തുടർ പ്രവർത്തനങ്ങൾ ഇനി മുതൽ സാധ്യമാകുകയുള്ളൂ. അതിനുള്ള മുന്നറിയിപ്പാണ് ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിനും അതിലെ മാധ്യമപ്രവർത്തകർക്കും എതിരെയുള്ള നടപടികൾ.

Latest News