Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ വ്യതിയാനം: ചില പരിസ്ഥിതി ചിന്തകൾ

പുഴ ഇപ്പോൾ അതിനവകാശപ്പെട്ട ഭൂമിയൊക്കെ തിരികെപിടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ പ്രകൃതിദുരന്തഭീതിയില്ലാതെ കഴിയാവുന്ന ഭൂമിയുടെ അളവ് കുറഞ്ഞുവരുകയാണ്. കുട്ടനാട്ടിൽനിന്നാളുകൾ പലായനം ചെയ്യുന്നു. കുന്നുകളിൽ ജീവിതം സുരക്ഷിതമല്ല.
കാലംതെറ്റിപെയ്ത മഴതന്നെ പ്രളയഭീതിയുണ്ടാക്കി. ഇങ്ങനെപോയാൽ തുലാമഴകൂടി കനത്താൽ  വീണ്ടും പ്രളയം ഉണ്ടായിക്കൂടായ്കയില്ല. വലിയ ജലസംഭരണികളും തോടുകളും കുളങ്ങളും നികത്തി ഭൂമിയാക്കി മാറ്റി സമ്പത്തുണ്ടാക്കിയതിന്റെ പരിണതഫലമാണ് ജനം ഇന്നനുഭവിക്കുന്നത്.

 

കന്നിവെറിയെന്നാണ് നാട്ടുപഴമൊഴി. കന്നിമാസത്തിൽ കടുംചൂടിൽ ഭൂമിപോലും ഉണങ്ങിമഴക്കായി ദാഹിച്ചുകിടക്കും. ഇങ്ങനെ ചൂടിൽ ഉണങ്ങിപ്പൊടിഞ്ഞ കരിയിലകളിലേക്കാണ് തുലാമഴ പെയ്തിറങ്ങുക. അങ്ങനെ മഴ സസ്യങ്ങൾക്ക് ജലം മാത്രമല്ല നൽകുക. നല്ലപോഷകങ്ങളും കൂടിയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം എല്ലാം തകിടംമറിച്ചിരിക്കുകയാണ്. കാർഷികകലണ്ടറുകളാകെ താളം തെറ്റി. കൃഷി മുഖ്യവരുമാനമാർഗമല്ലാതായതോടെ ഇതൊന്നും ആരും ശ്രദ്ധിക്കാതെയുമായി.
കഴിഞ്ഞ ഏതാനും ദിവസം കനത്ത മഴയാണ് കേരളത്തിലുണ്ടായത്. താഴ്ന്ന സ്ഥലങ്ങളൊക്കെ വെള്ളത്തിലായി. രണ്ടു ദിവസത്തെ മഴപോലും താങ്ങാനാവാതെ ഭൂമി ദുർബലമായിക്കഴിഞ്ഞു. നമ്മുടെ ഭാരതപ്പുഴയും പെരിയാറും ഗായത്രിപ്പുഴയും കരമനയാറും ചാലിയാറും അച്ചൻകോവിലാറും മീനച്ചിലാറുമൊക്കെ കരകവിഞ്ഞൊഴുകി. ഡാമുകളെല്ലാം കൂടി ഒരുമിച്ച് തുറക്കാതിരുന്നതിനാൽ വലിയ ദുരന്തം ഉണ്ടായില്ലെന്നേയുള്ളു.  വെള്ളമൊഴുകുന്ന കരയൊക്കെ ഒരു കാലത്ത് പുഴയുടെ സ്വന്തമായിരുന്നു. എന്നാൽ മനുഷ്യർ അതൊക്കെ കയ്യേറി സ്വന്തമാക്കി. അവർ ഓർത്തിരുന്നില്ല. എന്നെങ്കിലും പുഴയത് തിരികെപിടിക്കുമെന്ന്. പുഴ ഇപ്പോൾ അതിനവകാശപ്പെട്ട ഭൂമിയൊക്കെ തിരികെപിടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ പ്രകൃതിദുരന്തഭീതിയില്ലാതെ കഴിയാവുന്ന ഭുമിയുടെ അളവ് കുറഞ്ഞുവരുകയാണ്. കുട്ടനാട്ടിൽനിന്നാളുകൾ പലായനം ചെയ്യുന്നു. കൂന്നുകളിൽ ജീവിതം സുരക്ഷിതമല്ല.
കാലംതെറ്റിപെയ്ത മഴതന്നെ പ്രളയഭീതിയുണ്ടാക്കി. ഇങ്ങനെപോയാൽ തുലാമഴകൂടി കനത്താൽ  വീണ്ടും പ്രളയം ഉണ്ടായിക്കൂടായ്കയില്ല. വലിയ ജലസംഭരണികളും തോടുകളും കുളങ്ങളും നികത്തി ഭൂമിയാക്കി മാറ്റി സമ്പത്തുണ്ടാക്കിയതിന്റെ പരിണതഫലമാണ് ജനം ഇന്നനുഭവിക്കുന്നത്. റിയൽ എസ്റ്റേറ്റുകാർ തണ്ണീർത്തടങ്ങളും വയലുകളും ചതുപ്പുകളും പുഴയും തോടും നികത്തി കര
പുരയിടമാക്കി കോടികൾക്ക് വിറ്റു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും റിയൽ 
എസ്റ്റേറ്റുകാരും ചേർന്നുള്ള മുക്കൂട്ടു മുന്നണിയാണിതിനെല്ലാം പിന്നിൽ. ഇങ്ങനെ കെട്ടിപൊക്കുന്നകെട്ടിടങ്ങളും ഉണ്ടാക്കുന്നസമ്പത്തും നിലനിൽക്കില്ലെന്ന് മഹാപ്രളയം നമ്മെ പഠിപ്പിച്ചതാണ്.
2018 ഓഗസ്റ്റ് എട്ടിനാണ് മഹാപ്രളയത്തിന്റെ തുടക്കം. 12, 13 ദിവസങ്ങളിലത് മഹാദുരന്തമായി മാറി. ഇതിൽനിന്ന് നമ്മൾ പാഠം ഉൾക്കൊണ്ടു പ്രവർത്തിക്കണം. മഹാപ്രളയത്തിൽ 535 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 15521 വീടുകൾ പൂർണമായും നശിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം  26718 കോടിയുടെ നാശനഷ്ടം കണക്കാക്കുകയുണ്ടായി. എന്നാലതൊക്കെ നമ്മൾ വേഗം മറന്ന നിലയാണ് കാണുന്നത്.
നീർത്തട നിയമമൊക്കെ വന്നുവെങ്കിലും ഇപ്പോഴും കുന്നിടിച്ചും വയൽനികത്തിയും ഒരു വിഭാഗം പരിസ്ഥിതിയാകെ നശിപ്പിക്കുകയാണ്. ഇതിന്റെ ഫലം അനുഭവിക്കേണ്ടതായി വരുന്നത് സാധാരണക്കരുമാണ്. പുറമ്പോക്കിൽ കുടിൽകെട്ടി കഴിയുന്നവർകൂടിയാണ്. പരിസ്ഥിതി നോക്കാതെ കൊള്ളലാഭം കൊയ്യാനായി കുന്നും വയലും നശിപ്പിക്കുന്നവരോട് പഴയൊരു റെഡ് ഇന്ത്യൻ പഴഞ്ചൊല്ല് ഓർമ്മിപ്പിക്കാം, 
അവസാനത്തെ മരവും മുറിഞ്ഞ ശേഷമെ,
അവസാനത്തെ പുഴയും വിഷം തീണ്ടിയ ശേഷമെ,
അവസാനത്തെ മത്സ്യവും വലയിൽവീണ ശേഷമെ, 
നമ്മളറിയൂ പണം തിന്നാനാവില്ലെന്ന്.
പശ്ചിമഘട്ടമാണ് നമ്മുടെ പോറ്റമ്മ. ശത്രുക്കളിൽനിന്ന് നമ്മെ സംരക്ഷിച്ച കോട്ട. ഖനനം മൂലവും കാടുനശിപ്പിച്ചും പാറപൊട്ടിച്ചും കെട്ടിടംവച്ചും റോഡ് തെളിച്ചും അതിനെ നമ്മൾ മുറിപ്പെടുത്തി. നശിപ്പിച്ചു. ആറു സംസ്ഥാനങ്ങളിലായി 1400 കിലോമീറ്റർ ദൂരത്ത് കിടക്കുന്ന മലനിരകളാണിത്. ലോകത്തിലെ 34 ജൈവ വൈവിധ്യസ്‌പോട്ടുകളിൽ ഏഴാമത്തെ സ്ഥാനം ഈ മലനിരകൾക്കുണ്ട്.ഈ മലനിരകളില്ലായിരുന്നുവെങ്കിൽ കേരളം ഇത്രകണ്ട് സസ്യശ്യാമളകോമളമാകുമായിരുന്നില്ല. പശ്ചിമഘട്ടമലനിരകൾക്ക് മേൽനടത്തുന്ന ഏതു ബലാൽക്കാരവും ഇരിക്കുന്ന കമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് ഇനിയെങ്കിലും നമ്മൾ മനസിലാക്കണം.
നമ്മുടെ പുഴകളൊക്കെ ഈ മലനിരകളിൽനിന്നാണ് പിറവിയെടുക്കുന്നത്. ജീവജലം ചുരത്തുന്ന ഈ പോറ്റമ്മയെ പൂതനയാക്കിമാറ്റിയതാരാണ്. പുഴയൊക്കെ കാളകൂടമാക്കിമാറ്റിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് നമുക്ക് കൈകഴുകാനാകുമോ.
നമ്മുടെ സംരക്ഷണത്തിനായി  തയ്യറാക്കിയ ഗാഡ്ഗിൽകമ്മറ്റി റിപ്പോർട്ട് നടപ്പാക്കുകയാണ് അടിയന്തരമായിവേണ്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 75 ശതമാനവും ഇവിടെ കാടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലത് 50 ശതമാനമായി കുറഞ്ഞു. ഇപ്പോഴത് 25 ശതമാനത്തിനും താഴെമാത്രം. കേരളം മുഴുവൻ കാടാക്കണമെന്നല്ല പറയുന്നത്. കാടുകൂടി സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിന് മുൻതൂക്കം നൽകണം. മൂന്നര കോടിയോളം ജനസംഖ്യയുള്ള സംസ്ഥാനമാണ്. മനുഷ്യർക്കിവിടെ വീടുവേണം.  ഗ്രാമം വേണം. നഗരം വേണം. വികസനം വേണം. ശരിയാണ്. എന്നാൽ അതൊക്കെ സംരക്ഷിക്കപ്പെടുന്നതിന് പരിസ്ഥിതിസംരക്ഷണം വേണം. ഈ തിരിച്ചറിവാണ് ആവശ്യം. പ്രകൃതിയോടിണങ്ങിയുള്ള ജീവിതമാണ് സുസ്ഥിരമായ നിലനിൽപ്പിനാവശ്യം.
കുട്ടികളെ ഇക്കാര്യം പ്രാഥമികതലം മുതൽതന്നെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. പുതിയ തലമുറയുടെ ഭാവി നമ്മുടെ കൈകളിലാണെന്ന് മറക്കരുത്. മനുഷ്യർ ഭൂമിയിലെ സന്ദർശകർമാത്രമാണ്. വരും തലമുറക്കായി ഭൂമിയെ നന്നായി പരിപാലിച്ച് സംരക്ഷിക്കാം.

Latest News