ഗാസ- ഗാസ മുനമ്പില്‍ ഹമാസിന്റെ അതിശക്തമായ ആക്രമണത്തില്‍ കുറഞ്ഞത് 22 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടായിരത്തിലധികം റോക്കറ്റുകളാണ് രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് നുഴഞ്ഞുകയറിയ ഫലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസ് തൊടുത്തുവിട്ടത്.
ശനിയാഴ്ച പ്രാദേശിക സമയം 06:30 ന് ആരംഭിച്ച ആക്രമണത്തില്‍ ഹമാസിന് 'ഗുരുതരമായ തെറ്റ്' പറ്റിയെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നല്‍കി. ഗാസയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടു. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീന്‍ പോരാളികള്‍ നുഴഞ്ഞുകയറി.
''ഇസ്രായേല്‍ പൗരന്മാരേ, ഞങ്ങള്‍ യുദ്ധത്തിലാണ്,'' ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്ത് നിന്നുള്ള വീഡിയോ സന്ദേശത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
'ഓപ്പറേഷന്‍ അല്‍-അഖ്‌സക്ക്്' തുടക്കമിട്ടെന്നും ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ എല്ലായിടത്തും ഫലസ്തീനികളെ തയാറാണെന്നും ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് നേരത്തെ പറഞ്ഞിരുന്നു.