മോഡിയെ തുഗ്ലക്കുമായി താരതമ്യം ചെയ്ത  കോണ്‍ഗ്രസിനെ നിരോധിക്കണം-നഖ്‌വി 

ന്യൂദല്‍ഹി-ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോസ്റ്റര്‍ യുദ്ധം കടുക്കുന്നു. തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താരതമ്യം ചെയ്ത് കേരള കോണ്‍ഗ്രസ് ഘടകം എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ പോസ്റ്റര്‍ ഇട്ടതിനു പിന്നാലെ, കോണ്‍ഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി രംഗത്തെത്തി.
മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ചിത്രത്തില്‍ മോദിയുടെ മുഖം പതിപ്പിച്ചുള്ള ചിത്രമാണ് കോണ്‍ഗ്രസ് കേരള ഘടകം പോസ്റ്റ് ചെയ്തത്. ''പ്രിയപ്പെട്ട പ്രധാനമന്ത്രിജി, നിങ്ങള്‍ക്കു പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തുഗ്ലക് കാലഘട്ടത്തിനു പകരം നിങ്ങളുടെ കാലഘട്ടം ഉള്‍പ്പെടുത്തൂ'' എന്നും പോസ്റ്റിനൊപ്പം കുറിച്ചിരുന്നു. ഈ പോസ്റ്റ് എക്സില്‍ പങ്കുവച്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി  ഇതിനെ, 'കോണ്‍ഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏര്‍പ്പെടുത്താനും യോഗ്യമായ കേസ്' എന്ന് കുറിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോസ്റ്റര്‍ യുദ്ധം രൂക്ഷമായത്. പിന്നാലെ വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവതരിപ്പിച്ച് കോണ്‍ഗ്രസ് പോസ്റ്റര്‍ പങ്കുവച്ചിരുന്നു.
മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രത്തിനൊപ്പം 'പിഎം നരേന്ദ്ര മോഡി അസ് ജുംല ബോയ്, ബിജെപി പ്രസന്റ്സ്' എന്നെഴുതിയ പോസ്റ്റര്‍ ബുധനാഴ്ച, കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം 'ആരാണ് ഏറ്റവും വലിയ നുണയന്‍, ഞാന്‍' എന്നെഴുതിയ മറ്റൊരു പോസ്റ്ററും പങ്കുവച്ചു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള പോസ്റ്റര്‍ ബിജെപി പങ്കുവച്ചത്.

Latest News