വോട്ടിങ് യന്ത്രത്തിനു പകരം പേപ്പര്‍ ബാലറ്റ് മതി; 17 പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് മമത

ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വ്യാഴാഴ്ച വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കണ്ടു ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്ന ആവശ്യത്തോട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ചു. പാര്‍ലമെന്റിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലാണ് മമത പ്രതിപക്ഷ നേതാക്കളെ കണ്ടത്. ജനുവരി 19-ന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ സംഘടിപ്പിക്കുന്ന പ്രതിപക്ഷ റാലിയിലേക്ക് വിവിധ നേതാക്കളെ ക്ഷണിക്കാന്‍ കൂടിയാണ് മമത പാര്‍ലമെന്റിലെത്തിയത്. 

്‌വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഏകാഭിപ്രായക്കാരാണ്. അടുത്തയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗം ചേരുന്നുണ്ടെന്നും താമസിയാതെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നു തൃണമൂല്‍ നേതാവ് ഡെരക് ഒബ്രെയ്ന്‍ പറഞ്ഞു. 

പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു സംയുക്ത സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടു കാണണമെന്ന ആവശ്യമാണ് വിവിധ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മമത ഉന്നയിച്ചത്. ബി.ജെ.പി സഖ്യകക്ഷിയായ ശിവ സേനയേയും കമ്മീഷനെ കാണാന്‍ പോകുന്ന പ്രതിപക്ഷ സംഘത്തിലേക്ക് മമത ക്ഷണിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വസതിയില്‍ തിങ്കളാഴ്ചയാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗം ചേരുന്നത്. ഇതു കഴിഞ്ഞാകും തെരഞ്ഞെടുപ്പു കമ്മീഷനെ കാണുക.

Latest News