മക്ക - മക്കയിലും മദീനയിലും 2,561 വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞയാഴ്ച വാണിജ്യ, നിക്ഷേപ മന്ത്രാലയം പരിശോധനകൾ നടത്തി. മൊത്ത വ്യാപാര കേന്ദ്രങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, പെട്രോൾ ബങ്കുകൾ, ടയർ കടകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 224 നിയമ ലംഘനങ്ങൾ കണ്ടെത്തി. കാലാവധി തീർന്നതും ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതുമായ 21,000 ലേറെ പാക്കറ്റ് ഉൽപന്നങ്ങൾ മന്ത്രാലയം പിടിച്ചെടുത്തു.
കാലാവധി തീർന്ന പാലുൽപന്നങ്ങൾ, ജ്യൂസുകൾ, ടിൻ ഫുഡുകൾ എന്നിവ അടക്കം 20,105 പേക്കറ്റ് ഉൽപന്നങ്ങളും മാനദണ്ഡങ്ങൾക്ക് നിരക്കാത്ത 676 വൈദ്യുതി ഉൽപന്നങ്ങളും 564 പേക്കറ്റ് വ്യാജ സൗന്ദര്യ വർധക വസ്തുക്കളും അത്തറുകളും അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള 73 വ്യാജ ഉൽപന്നങ്ങളും റെയ്ഡുകൾക്കിടെ പിടിച്ചെടുത്തു. നിയമ ലംഘനങ്ങൾക്ക് 131 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ടയർ കടകളിൽ നടത്തിയ പരിശോധനകളിൽ കാലാവധി തീർന്നതും ഉപയോഗിച്ച് പഴകിയതുമായ ടയറുകൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട 71 നിയമ ലംഘനങ്ങൾ കണ്ടെത്തി. പെട്രോൾ ബങ്കുകളിൽ 16 നിയമ ലംഘനങ്ങളും കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് ആറു ജ്വല്ലറികൾക്കും പിഴ ചുമത്തി.






