Sorry, you need to enable JavaScript to visit this website.

പതിനേഴു വർഷത്തെ ഇടവേളക്കുശേഷം  അൽഖർജിൽ തീവണ്ടിയുടെ ചൂളംവിളി

റിയാദ് - പതിനേഴു വർഷം നീണ്ട ഇടവേളക്കു ശേഷം അൽഖർജിൽ തീവണ്ടിയുടെ ചൂളംവിളി വീണ്ടും ഉയരാൻ തുടങ്ങി. റിയാദ്-അൽഖർജ് പാതയിൽ ബുധനാഴ്ച മുതൽ പാസഞ്ചർ ട്രെയിൻ പരീക്ഷണ സർവീസ് ആരംഭിച്ചു. സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ റിയാദ് ശാഖാ മേധാവി മുഹമ്മദ് സ്വാലിഹ് അൽഖഹ്താനിയും മുതിർന്ന ഉദ്യോഗസ്ഥരും പ്രഥമ പരീക്ഷണ സർവീസിൽ യാത്ര ചെയ്തു. അൽഖർജ് റെയിൽവെ സ്റ്റേഷൻ മാനേജർ ഖാലിദ് അൽഹുമൈദി ഇവരെ സ്വീകരിച്ചു. ഫാസ്റ്റ് ഫുഡുകൾക്കുള്ള ഒരു പാൻട്രി കാർ അടക്കം അഞ്ചു കോച്ചുകൾ അടങ്ങിയ ട്രെയിനാണ് റിയാദ്-അൽഖർജ് പാതയിൽ സർവീസിന് ഉപയോഗിക്കുന്നത്. പരീക്ഷണാർഥം പ്രതിവാരം നാലു വീതം ഒരു മാസക്കാലം റിയാദ്-അൽഖർജ് പാതയിൽ സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ സർവീസുകൾ നടത്തും. ഇതിനു ശേഷം ഈ പാതയിൽ ഔദ്യോഗികമായി വാണിജ്യാടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിക്കും. 
ലെവൽ ക്രോസുകളുടെ ആധിക്യമാണ് അൽഖർജ്-റിയാദ് ട്രെയിൻ നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധം. ലെവൽ ക്രോസുകൾ കാരണം വേഗം മണിക്കൂറിൽ 60 കിലോമീറ്ററായി കുറക്കാൻ നിർബന്ധിതമാവുകയാണ്. യാത്രക്കാർക്ക് സേവനങ്ങൾ നൽകുന്നതിന് അൽഖർജ് സ്റ്റേഷനു സമീപം സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് സെന്ററുകളും പോലീസ് സ്റ്റേഷനുമില്ലാത്തതും നഗരമധ്യത്തിൽ നിന്ന് സ്റ്റേഷൻ ദൂരെയായതും അൽഖർജ് നഗര മധ്യത്തെയും റെയിൽവെ സ്റ്റേഷനെയും ബന്ധിപ്പിച്ച് നേരിട്ട് റോഡില്ലാത്തതും തടസ്സങ്ങളാണ്. ഈ പ്രശ്‌നങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ വേഗത്തിൽ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Latest News