Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തട്ടത്തിൻ മറയത്ത് വെറുപ്പ് ഉൽപാദിപ്പിക്കുന്നവർ

ഇസ്‌ലാമോഫോബിക് മലയാളിയുടെ വരാന്തയിലേക്ക് വിരുന്നുവന്ന കാലത്ത് വംശീയമായിട്ട് എന്ന് തന്നെ പറയാവുന്ന വെറുപ്പ് ഉൽപാദിപ്പിക്കുന്നതിൽ നിന്ന് താത്വിക വിശാരദരായിട്ടുള്ള നേതാക്കൾ പിൻവലിയണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. അതുപോലെ തന്നെ നാസ്തിക ചിന്തകൾക്കുപരി ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടുത്തൂൺ പറ്റുകയും സ്വതന്ത്ര ചിന്ത എന്ന പേരിൽ ഇസ്‌ലാം വിരോധം പ്രസാരണം നടത്താൻ വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കപ്പെട്ട അധമ മനസ്സുകൾ ഏർപ്പെടുത്തുന്ന പരിപാടികളെ അവഗണിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന തോന്നൽ കൂടി ഇവിടെ പങ്കുവെക്കുകയാണ്.


 
തട്ടം തട്ടിത്തെറിപ്പിച്ച പുരോഗമനോന്മുഖ മലപ്പുറത്തെ വാർത്തെടുക്കാൻ നിങ്ങളേക്കാൾ പരിശ്രമിച്ചവരും അതിൽ വിജയിച്ചവരും ഞങ്ങൾ സി.പി.എമ്മുകാരാണെന്ന് നവ നാസ്തികരും ഇസ്‌ലാമോഫോബിക് നിരന്തരം പ്രചരിപ്പിച്ച് ആർ.എസ്.എസിന്റെ ഗുഡ് ബുക്കിൽ സ്ഥിരസാന്നിധ്യമറിയിച്ചവരുമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനത്തിൽ പ്രസംഗിച്ച അഡ്വ. കെ. അനിൽ കുമാർ, കമ്യൂണിസവും മതവിശ്വാസവുമെന്ന വിഷയം വീണ്ടും സജീവമാക്കിയിരിക്കുകയാണ്. യഥാർത്ഥത്തിൽ മതവും കമ്യൂണിസവും തമ്മിലുള്ള ബന്ധമെന്താണ്? 
ചെറുപ്പത്തിലേ തൊട്ട് മതം വായിച്ചുതുടങ്ങിയപ്പോൾ തന്നെ കമ്യൂണിസവും വായിച്ചിട്ടുണ്ട്. അതിൽ ആകർഷകമായി തോന്നിയ ഘടകം മാനവികതയും സഹജീവി അനുകമ്പയുമായിരുന്നു. പലയിടത്തും മതത്തിന്റെ മൂല്യങ്ങളും കമ്യൂണിസത്തിന്റെ മാനവികതയും തോളോടുതോൾ പോകുന്നതായും തോന്നിയിട്ടുണ്ടായിരുന്നു. എന്നാൽ പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന റഷ്യൻ പുസ്തകങ്ങളിൽ നിന്നും മാർക്‌സ്, ഏംഗൽസ് മുതലായവരുടെ സൈദ്ധാന്തിക ഗ്രന്ഥങ്ങളിൽ നിന്നും ഒരു കാര്യം അന്നേ ബോധ്യപ്പെട്ടിരുന്നു: കമ്യൂണിസം അടിസ്ഥാനപരമായി മതവിരുദ്ധമാണ്. 
മതവിമുക്തമായ ഒരു സാമൂഹിക വ്യവസ്ഥിതിയാണ് കമ്യൂണിസത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യയിലെ അതിന്റെ സൈദ്ധാന്തികരായ എം.എൻ. റോയ്, ഇ.എം.എസ് അടക്കമുള്ളവർ എഴുതിവെച്ചിട്ടുണ്ട്. 
 
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിന്റെ പ്രസ്താവനക്ക് കാരണം മതം, അധികാരി വർഗം സാധാരണക്കാരെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഉണ്ടാക്കിയ ഉപകരണം മാത്രമാണെന്ന കാഴ്ചപ്പാടാണ്. ദൈവമെന്ന ഒന്നില്ല,  കുടുംബം എന്ന വ്യവസ്ഥിതി നശിക്കേണ്ടതാണെന്ന വിശ്വാസവുമാണ് മാർക്‌സിസത്തിനുള്ളത്. അതിന്റെ ആധാരശിലയായ വൈരുധ്യാധിഷ്ഠിത ഭൗതികവാദം മതനിരാസവും മനുഷ്യൻ കുരങ്ങിൽനിന്ന് പരിണമിച്ച് വന്നതാണെന്നുമാണ്. അതല്ലാതെ, മനുഷ്യനെ ദൈവം തെരഞ്ഞെടുത്ത് ഭൂമിയിലേക്ക് നിയോഗിച്ചതാണെന്ന മതാശയത്തെ കമ്യൂണിസം അർത്ഥശങ്കക്കിടമില്ലാതെ തള്ളിക്കളയുന്നു.
 
മാർക്‌സിസം അതിന്റെ മൂല തത്വത്തിൽ തന്നെ മതരഹിതമായ ആശയമാണ്. വൈരുധ്യാധിഷ്ഠിത ഭൗതിക വാദം എന്നാണ് ഇതറിയപ്പെടുന്നത്.
 പ്രപഞ്ചമെന്നാൽ പദാർത്ഥമാണെന്നും അവ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും ഈ ചലനത്തോടൊപ്പം എല്ലാ വസ്തുക്കളും മാറ്റത്തിന് വിധേയമാകുന്നുമുണ്ടെന്നും മനുഷ്യനും അങ്ങനെ മാറ്റങ്ങൾക്ക് വിധേയരായി ഉണ്ടായതാണെന്നും മനുഷ്യന്റെ ആത്മാവിനോ തലച്ചോറിനോ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടുള്ള പരിണാമമല്ലാത്ത യാതൊരു സവിശേഷതയും ഇല്ലെന്നും പ്രപഞ്ചം ആരും സൃഷ്ടിച്ചിട്ടില്ലെന്നും പ്രപഞ്ചോത്ഭവം എന്നൊന്നില്ലെന്നും സ്ഥാപിക്കുന്ന തത്വത്തെയാണ് ചുരുക്കത്തിൽ വൈരുധ്യാധിഷ്ഠിത ഭൗതിക വാദം എന്ന് പറയുന്നത്. ഇതാണ് മാർക്സിസത്തിന്റെ ലോക വീക്ഷണം. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ലൂയീസ് മോർഗന്റെ പ്രാചീന സമുദായങ്ങളെ കുറിച്ചുള്ള ഗവേഷണ ഫലങ്ങളും (ചരിത്രത്തിന്റെ ഭൗതിക വായന) മാർക്‌സിസം അംഗീകരിക്കുന്നു.  
 കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ ഇത് സംബന്ധിച്ച നയം വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: 'ആരാധനാലങ്ങൾക്ക് പാർട്ടി എതിരല്ല. എന്നാൽ പാർട്ടി അംഗങ്ങൾക്ക് ആരാധനാലയത്തിൽ പോകുന്നതിന് വിലക്കുണ്ട്. അവർ പാർട്ടി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടവരാണ്. പാർട്ടിയിലേക്ക് ഒരാൾ വന്നു കഴിഞ്ഞാൽ അയാൾ വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ ആളായിട്ട് മാറണം. പാർട്ടി അംഗങ്ങൾ ജാതി, മത സംഘടനകളിൽ പ്രവർത്തിക്കാൻ പാടില്ല.'
 
ഇത് റഷ്യയിലെയോ ക്യൂബയിലെയോ പാർട്ടി അംഗങ്ങളെ കുറിച്ചല്ല, കേരളത്തിലെ സി.പി.എം അംഗങ്ങളെ കുറിച്ചാണ്. മാർക്‌സിസം എന്ന സാർവദേശീയ പ്രസ്ഥാനത്തിന്റെ ജീവനും അടിക്കലുമാണ് വൈരുധ്യാധിഷ്ഠിത ഭൗതികവാദമെന്ന് പറഞ്ഞത് വ്‌ളാഡ്മിർ ലെനിനാണ്. യേശുവിന്റെ സ്‌നേഹോപദേശങ്ങളും പ്രവാചകൻ മുഹമ്മദിന്റെ മാനവ സാഹോദര്യവുമൊക്കെ കേവല വയറ്റിപ്പിഴപ്പിന് വേണ്ടിയുള്ളതായിരുന്നുവെന്ന് കമ്യൂണിസം സിദ്ധാന്തിക്കും. അദൃശ്യനായ ഒരു സ്രഷ്ടാവിനെക്കുറിച്ച ഭാവന പോലും കമ്യൂണിസത്തിലില്ല. 
 
മതത്തിനെതിരെയുള്ള കാമ്പയിൻ വളരെ സൂക്ഷിച്ചും പതുക്കെയും ക്ഷമയോടു കൂടിയുമാണ് നടത്തേണ്ടത്. മതമൊരു വൈകാരിക വിഷയമാകയാൽ അതിനെ വിമർശിക്കുന്നത് മതാനുയായികൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും ആയതിനാൽ വളരെ ശ്രമകരമായിക്കൊണ്ട്, അവരോടൊപ്പം ചേർന്നുകൊണ്ടുമാണ് അവരെ മതരഹിതരാക്കേണ്ടത് എന്ന് 1920 ൽ റഷ്യയിൽ രചിച്ച ദ എബിസി ഓഫ് കമ്യൂണിസം എന്ന ഗ്രന്ഥത്തിൽ പ്രവർത്തകരോട് പറയുന്നു.


ഏതായാലും ഇസ്‌ലാമോഫോബിക് മലയാളിയുടെ വരാന്തയിലേക്ക് വിരുന്നു വന്ന കാലത്ത് വംശീയമായിട്ട് എന്ന് തന്നെ പറയാവുന്ന വെറുപ്പ് ഉൽപാദിപ്പിക്കുന്നതിൽ നിന്ന് താത്വിക വിശാരദരായിട്ടുള്ള നേതാക്കൾ പിൻവലിയണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. അതുപോലെ തന്നെ നാസ്തിക ചിന്തകൾക്കുപരി ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടുത്തൂൺ പറ്റുകയും സ്വതന്ത്ര ചിന്ത എന്ന പേരിൽ ഇസ്‌ലാം വിരോധം പ്രസാരണം നടത്താൻ വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കപ്പെട്ട അധമ മനസ്സുകൾ ഏർപ്പെടുത്തുന്ന പരിപാടികളെ അവഗണിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന തോന്നൽ കൂടി ഇവിടെ പങ്കുവെക്കുകയാണ്.

Latest News