വിമാനത്തില്‍ ഉറങ്ങിയ യാത്രക്കാരിയുടെ തുടയില്‍ തടവി; പ്രതിയെ രണ്ടുവര്‍ഷത്തേക്ക് ജയിലിലടച്ചു

ലോസ് ഏഞ്ചലസ്- വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യു.എസ് പൗരനെ രണ്ടു വര്‍ഷത്തേക്ക് ജയിലിലടച്ചു.  
2020 ഫെബ്രുവരിയില്‍ ക്ലീവ്‌ലാന്‍ഡില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ മധ്യ സീറ്റില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ  വസ്ത്രത്തിനുള്ളില്‍ തുടയില്‍ സ്പര്‍ശിച്ചുവെന്നാണ് മുഹമ്മദ് ജവാദ് അന്‍സാരി (50) എന്ന യാത്രക്കാരനെതിരായ കുറ്റം.
ഞെട്ടിയുണര്‍ന്ന യാത്രക്കാരി പ്രതിയുടെ കൈ തള്ളിമാറ്റി സീറ്റില്‍ നിന്ന് പുറത്തിറങ്ങി ക്യാബിന്‍ ക്രൂവിനോട് പരാതിപ്പെടുകയായിരുന്നു.  
ലൈംഗികാതിക്രമം നിഷേധിച്ച അന്‍സാരി കുറ്റക്കാരനാണെന്ന് മെയ് മാസത്തില്‍ നടന്ന നാല് ദിവസത്തെ വിചാരണയ്ക്ക് ശേഷം കോടതി കണ്ടെത്തിയെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു.
അന്‍സാരിയുടെ അതിക്രമത്തെ തുടര്‍ന്ന് ഭയന്ന യുവതി വിമാനത്തില്‍ ശേഷിക്കുന്ന സമയം കരയുകയായിരുന്നുവെന്ന് സാക്ഷികള്‍ മൊഴി നല്‍കയതായി ലോസ് ഏഞ്ചല്‍സിലെ  കോടതിയില്‍  പ്രോസിക്യൂട്ടര്‍ പറഞ്ഞു.

യാത്രക്കാരി ഇപ്പോഴും വിമാനങ്ങളില്‍ ഉറങ്ങാന്‍ പാടുപെടുന്നുവെന്നും  ആരെങ്കിലും സ്പര്‍ശിച്ചാലോ എന്ന ഭയമാണ് കാരണമെന്നും കോടതിയില്‍ ബോധിപ്പിച്ചു.  

യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഫെര്‍ണാണ്ടോ എന്‍ലെറോച്ചയാണ് അന്‍സാരിയെ 21 മാസത്തേക്ക് ജയിലിലടാനും 40,000 ഡോളര്‍ പിഴ ഈടാക്കാനും ഉത്തരവിട്ടത്.

 

Latest News