ഇസ്താംബുള്‍- ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു എയര്‍പോര്‍ട്ടില്‍ 24 മണിക്കൂര്‍ ചെലവഴിക്കേണ്ടി വന്നതിന്റെ പേരില്‍ ഈ പ്രായമായ ദമ്പതികള്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ ചെറുതൊന്നുമല്ല. ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 64 -കാരനായ രാജേഷ് ഷായും ഭാര്യ 59 -കാരി രശ്മി ഷായുമാണ് ജീവനക്കാര്‍ അവരെ 'മറന്നു പോയതിനാല്‍' 24 മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിപ്പോയത്.
ദമ്പതികള്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത് ആദ്യം ലണ്ടനില്‍ നിന്നും ഇസ്താംബുളിലേക്കായിരുന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ ഇരുവരും ഇസ്താംബുളില്‍ എത്തുകയും ചെയ്തു. ഇസ്താംബുളില്‍ നിന്നും മുംബൈയിലേക്ക് ഇന്‍ഡിഗോ ഫ്ളൈറ്റിലായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍, ഇരുവരേയും കൂട്ടാതെ വിമാനം പുറപ്പെടുകയായിരുന്നു. അതോടെ 24 മണിക്കൂര്‍ ഇരുവരും എയര്‍പോര്‍ട്ടില്‍ കുടുങ്ങി.
എന്താണ് ശരിക്കും സംഭവിച്ചത് എന്നല്ലേ? പലവട്ടം സ്ട്രോക്ക് വരികയും പലതരത്തിലുള്ള സര്‍ജറികളിലൂടെ കടന്നു പോവുകയും ചെയ്ത രാജേഷ് ഷാ ഒരു വീല്‍ചെയറിലായിരുന്നു. ഒരുപാട് നടക്കാന്‍ സാധിക്കില്ല എന്നതിനാല്‍ തന്നെ രശ്മിയും വീല്‍ചെയര്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഇസ്താംബുളില്‍ എത്തിയപ്പോള്‍ സ്റ്റാഫ് ഇരുവര്‍ക്കും മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് വേണ്ടിയുള്ള സഹായങ്ങള്‍ വാഗ്ദ്ധാനം ചെയ്തു.
ഇരുവരും തങ്ങളുടെ ബോര്‍ഡിംഗ് പാസുമായി ബോര്‍ഡിംഗ് ഗേറ്റില്‍ ഇരിക്കുകയും ചെയ്തു. കുറേ നേരം ഇരുന്നിട്ടും ഒന്നും സംഭവിക്കാതെയായപ്പോള്‍ രശ്മി ഷാ കൗണ്ടറില്‍ പോയി സ്റ്റാഫിനോട് വിമാനത്തെ കുറിച്ച് അന്വേഷിച്ചു. ബോര്‍ഡിംഗ് പാസ് പരിശോധിച്ച ജീവനക്കാരനാവട്ടെ എന്തെങ്കിലും നിര്‍ദ്ദേശം കിട്ടുന്നത് വരെ ഇരിക്കുന്നിടത്ത് തന്നെ തുടരാനാണ് ആവശ്യപ്പെട്ടത്. പലവട്ടം അന്വേഷിച്ചപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. ഒടുവില്‍ ജീവനക്കാരന്‍ പറഞ്ഞത് തന്റെ സൂപ്പര്‍വൈസര്‍ വരുന്നുണ്ട് ആള്‍ നിങ്ങളോട് സംസാരിക്കും എന്നാണ്. പക്ഷേ, അവസാനം മുംബൈയിലേക്കുള്ള വിമാനം പോയി എന്ന് ഇരുവരോടും ജീവനക്കാരന്‍ തുറന്ന് പറഞ്ഞു. അതോടെ ദമ്പതികള്‍ പരിഭ്രാന്തരായി.
എയര്‍പോര്‍ട്ടിലെ ലോക്കല്‍ സ്റ്റാഫുകളെല്ലാം ടര്‍ക്കിഷ് മാത്രം സംസാരിക്കുന്നവരായതിനാല്‍ തന്നെ ഇരുവരേയും സഹായിക്കാനും കഴിഞ്ഞില്ല. ഒടുവില്‍ പരിമിതമായ സാഹചര്യത്തില്‍ 24 മണിക്കൂര്‍ ഇരുവരും എയര്‍പോര്‍ട്ടില്‍ ചെലവഴിച്ചു. ദമ്പതികളുടെ മകള്‍ റിച്ച പലവട്ടം ഇന്‍ഡിഗോ സ്റ്റാഫുകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍, പിറ്റേ ദിവസത്തേക്ക് മുംബൈയിലേക്കുള്ള വിമാനത്തില്‍ ബോര്‍ഡിം?ഗ് പാസ് നല്‍കുകയായിരുന്നു.
തങ്ങളുടെ ടര്‍ക്കിഷ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനങ്ങളില്‍ പിഴവ് സംഭവിച്ചത് ഖേദകരമാണെന്നാണ് ഇന്‍ഡിഗോ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.