Sorry, you need to enable JavaScript to visit this website.

കൊട്ടിയൂർ പീഡനം: പെൺകുട്ടിയുടെ അമ്മയും കൂറുമാറി

തലശ്ശേരി- വൈദികനും കന്യാസ്ത്രീകളും പ്രതികളായ കൊട്ടിയൂർ പീഡന കേസിൽ ഇരയായ പെൺകുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറി. പെൺകുട്ടി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെ നൽകിയ മൊഴി അരക്കിട്ടുറപ്പിക്കുന്ന നിലയിലാണ് അമ്മയും ഇന്നലെ മൊഴി നൽകിയത.് അമ്മയുടെ മുഖ്യവിസ്താരം പൂർത്തിയാതെങ്കിലും ക്രോസ്  വിസ്താരം പൂർത്തിയായില്ല. ഇന്ന്  അമ്മയുടെ ക്രോസ് വിസ്താരം തുടരും. അച്ഛന്റെ വിസ്താരവും ഇന്ന് നടക്കും.
ബുധനാഴ്ച രാവിലെ മുതലാണ് ജഡ്ജ് പി.എൻ വിനോദ് മുമ്പാകെ വിസ്താരം ആരംഭിച്ചത.് പീഡനത്തിനിരയായ പെൺകുട്ടിയെ രഹസ്യമായാണ് വിസ്തരിച്ചത.് കേസിലെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരായിരുന്നു. അടച്ചിട്ട കോടതി മുറിയിൽ വിചാരണ നടക്കുമ്പോൾ പ്രതികളും പ്രതികളുടെ അഭിഭാഷകരും ജഡ്ജിയും പീഡനത്തിനിരയായ കുട്ടിയും മാത്രമേ കോടതി മുറിയിലുണ്ടായിരുന്നുള്ളൂ. കണ്ണൂർ സബ് ജയിലിൽ കഴിയുന്ന കേസിലെ മുഖ്യ പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയെ ജയിലിൽനിന്നാണ് വിചാരണ നടപടിക്ക് കോടതിയിലെത്തിച്ചത.് പെൺകുട്ടിയുടെ അമ്മയുടെ വിചാരണയും അടച്ചിട്ട കോടതി മുറിക്കുള്ളിലായിരുന്നു. 
പോലീസിന് നൽകിയ മൊഴിക്ക് വിരുദ്ധമായ മൊഴികളാണ് വിചാരണ കോടതി മുമ്പാകെ പെൺകുട്ടി നൽകിയത്. തുടർന്ന് പ്രോസിക്യൂഷൻ സാക്ഷിയായ പെൺകുട്ടി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. അമ്മയും കൂറ് മാറിയതായി പ്രോസിക്യൂഷൻ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. മകളുടെ ഇഷ്ടപ്രകാരമാണ് ഫാ. റോബിനുമായി ലൈംഗികമായി ബന്ധപ്പെട്ടതെന്നും ഫാദറെ മകൾക്ക് ഇഷ്ടമായിരുന്നെന്നും അമ്മ മൊഴി നൽകി. ദൈവ വിശ്വാസിയായ താനും മകളും പള്ളിയിൽ പതിവായി പോകാറുണ്ടെന്നും മകൾ പള്ളിയിലെ ഗായക സംഘത്തിലെ അംഗമാണെന്നും കേസിലെ രണ്ടാം സാക്ഷികൂടിയായ പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. 
1996 ഡിസംബർ 30 നാണ് തന്റെ വിവാഹം നടന്നതെന്നും മകളുടെ ജന്മദിനം 1997 നവംബർ 17 ആണെന്നും അമ്മ മൊഴി നൽകി. സഭയെ ഭയന്നാണ് ആദ്യം ഫാദറിന്റെ പേര് പറയാതിരുന്നതെന്നു അമ്മ മൊഴി നൽകി. മകൾ പ്രസവിച്ച കുട്ടിയെ വൈത്തിരിയിലെ ഫോളി ഇൻഫൻട്രി മേരി മന്ദിരത്തിലേക്ക് കാറിൽ കൊണ്ടുപോയത് താനും ഭർത്താവുമായിരുന്നു. പീഡനം നടന്നെന്ന കാര്യം പോലീസ് കെട്ടിച്ചമച്ചതാണെന്നും പള്ളിയുമായി നിരന്തരം ബന്ധപ്പെടുന്ന മകൾക്ക് പള്ളി വികാരിയോട് പ്രേമമായിരുന്നെന്നും അമ്മ കോടതിയിൽ പറഞ്ഞു. വികാരിയായ ഫാ. റോബിന്റെ കൂടെ ബംഗളൂരുവിലുൾപ്പടെ പോയിരുന്നതായും ലൈംഗിക ബന്ധമുണ്ടാകുമ്പോൾ 19 വയസ്സ് പൂർത്തിയായിരുന്നെന്നും  മകൾ പറഞ്ഞ മൊഴി അമ്മയും ആവർത്തിച്ചു. പള്ളിയിൽ മാമോദീസ മുക്കിയത് 1997 നവംബർ 17 നാണെന്നും ഇത് 17-11-1999 എന്ന ജനന സർട്ടിഫിക്കറ്റ് പോലീസ് ഹാജരാക്കിയത് ശരിയല്ലെന്നും വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും അമ്മ പറഞ്ഞു. 
കേസിൽ പ്രതി ചേർക്കപ്പെട്ട കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു, പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസറ്റ് ഡോ. ടെസ്സി, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ഹൈദരാലി എന്നിവരെ സുപ്രീം കോടതി ബുധനാഴ്ച പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കി. എന്നാൽ സുപ്രീം കോടതി ഉത്തരവിന്റെ കോപ്പി തലശ്ശേരിയിലെ വിചാരണ കോടതിയിലെത്താതിനാൽ ഈ മൂന്ന് പേരും ഇന്നലെ നടന്ന വിചാരണയിലും എത്തണമെന്ന് ജഡ്ജ് പി.എൻ വിനോദ് നിർദേശിച്ചു. ഇതുപ്രകാരം ഇവർ ഇന്നലെ കോടതിയിൽ വിചാരണ നേരിട്ടു. അമ്മയും അച്ഛനും സഹോദരനുമൊപ്പമാണ് പെൺകുട്ടി ഇന്നലെ  കോടതിയിൽ എത്തിയത്. പെൺകുട്ടിയും അമ്മയും  കൂറുമാറിയതോടെ കേസ് ഏത് നിലയിൽ നീങ്ങുമെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

Latest News