Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങിയത് നൂറ് രൂപ മാത്രം, ഡോക്ടറെ വെറുതെ വിട്ട് മുംബൈ ഹൈക്കോടതി

മുംബൈ- നൂറ് രൂപ കൈക്കൂലിയായി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി മുംബൈ ഹൈക്കോടതി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പോഡിലുളള സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. അനില്‍ ഷിന്‍ഡെയാണ് കൈക്കൂലി കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി വാങ്ങിയത് ചെറിയ തുകയെന്നാണ് മുംബൈ ഹൈക്കോടതിയുടെ വാദം. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിള്‍ ബഞ്ച് കേസില്‍ വിധി പറഞ്ഞത്.

2007 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബന്ധു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പരാതിക്കാരനായ എല്‍ ടി പിങ്കളെ ആശുപത്രിയില്‍ എത്തിയിരുന്നു. ബന്ധുവിനെതിരെ കേസ് ശക്തമാക്കാന്‍ പിങ്കളക്ക് പരിക്കുകള്‍ സംഭവിച്ചുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി പിങ്കള അനിലിനെ സമീപിച്ചു. എന്നാല്‍ പിങ്കളയോട് അനില്‍ നൂറ് രൂപ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പിങ്കള അഴിമതി വിരുദ്ധ ബ്യൂറോയില്‍ പരാതി നല്‍കുകയും അധികൃതര്‍ തയാറാക്കിയ കെണിയില്‍ അനില്‍ അകപ്പെടുകയും ചെയ്തു. എന്നാല്‍ 2012 ജനുവരിയില്‍ സംസ്ഥാനത്തെ പ്രത്യേക കോടതിയില്‍ നിന്നും അനില്‍ കുറ്റവിമുക്തനായി. തുടര്‍ന്ന് പരാതിക്കാരന്‍ നല്‍കിയ അപ്പീലില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.സംഭവം നടന്ന കാലത്ത് 100 രൂപ ചെറിയ തുകയാണെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

 

Latest News