Sorry, you need to enable JavaScript to visit this website.

ഇ.എം.എസ് സർക്കാറിനെതിരെ സമരം നയിച്ച് പാർട്ടിയെ തിരുത്തിച്ച ട്രേഡ് യൂണിയനിസ്റ്റ്

തിരുവനന്തപുരം - പാർട്ടി കണ്ണുരുട്ടിയിട്ടും വഴങ്ങാതെ തൊഴിലാളികൾക്കുവേണ്ടി ഇ.എം.എസ് സർക്കാറിനെതിരെ പടനയിച്ച പോരാളിയായിരുന്നു ഇന്ന് അന്തരിച്ച സി.പി.എമ്മിന്റെ തലമുതിർന്ന നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ. പാർല്ലമെന്ററി രംഗത്തും പാർട്ടി പദവികളിലും നിറഞ്ഞുനിന്നപ്പോഴും പ്രായത്തിന്റെ അവശതകൾ പേറിയപ്പോഴും തൊഴിലാളി പ്രശ്‌നങ്ങളിൽ വെള്ളം ചേർക്കാതെ ആരോടും നടുനിവർത്തി സംസാരിച്ചതാണ് അദ്ദേഹത്തിന്റെ പാരമ്പര്യം.
 അടിമുടി ട്രേഡ് യൂണിയനിസ്റ്റായി, തൊഴിലാളികൾക്കു വേണ്ടി ഇ.എം.എസ് സർക്കാരിനെതിരേ സമരം നയിച്ച ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അദ്ദേഹം. കായലിലെ വെള്ളവും കയറും പോലെ ഇഴുകിച്ചേർന്ന ബന്ധമായിരുന്നു തൊഴിലാളികളുമായി അദ്ദേഹത്തിന്. വെള്ളത്താൽ ചുറ്റപ്പെട്ട ആനത്തലവട്ടം എന്ന തുരുത്തിൽ ജനിച്ച് ആ നാടിന്റെ ഉപജീവനത്തിന്റെ വഴിയായിരുന്ന കയർ ബലിഷ്ഠമാക്കാൻ ചെറുപ്പം മുതലെ സർക്കാറുകളും കൊടിയുടെ നിറവും നോക്കാതെ അദ്ദേഹം ശബ്ദിച്ചുകൊണ്ടിരുന്നു.
 ദിവസക്കൂലി എട്ടണയായിരുന്നപ്പോൾ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രാവൻകൂർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരം നടക്കുന്ന കാലം. സ്‌കൂളിൽ പോകുമ്പോഴും തിരിച്ചു വഴുമ്പോഴും സമരപ്പന്തലിലെത്തി മുദ്രാവാക്യം വിളിച്ച് ആ കൊച്ചു പയ്യൻ സമരക്കാരിൽ ഒരാളായി. പിന്നീട് അവരുടെ ആശയും ആവേശവുമായി വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവ സാനിധ്യമായി. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിച്ച് നാട്ടിലെ പ്രമാണിമാരുടെയും സർവ പ്രതാപിയായിരുന്ന ഹെഡ് മാസ്റ്ററുടേയും കണ്ണിലെ കരടായി. ഇതുകാരണം, എസ്.എസ്.എൽ.സി പാസായിട്ടും സർട്ടിഫിക്കറ്റ് മാസങ്ങളോളം വൈകിച്ചായിരുന്നു ഹെഡ്മാസ്റ്ററുടെ പക പോക്കൽ. അതിനിടെ, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. തുടർന്ന് സമര പരമ്പരകൾ രക്തലഹരിയായി.
 1954-ലെ പട്ടം താണുപിള്ള സർക്കാർ കയർ തൊഴിലാളികളുടെ ദിവസക്കൂലി ഒരു രൂപയാക്കിയെങ്കിലും മുതലാളിമാർ അത് തടഞ്ഞുവെച്ചു. ഇ.എം.എസ് സർക്കാർ വന്നിട്ടും ഫലമില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിലെ സമരവീര്യം കൂടുതൽ ജ്വലിച്ചു. സ്ത്രീ തൊഴിലാളികളെയും മറ്റും കൂട്ടി ട്രെയിനിൽ തമ്പാനൂരിലെ പാർട്ടി ആസ്ഥാനത്തെത്തി. എന്തിനാണ് വന്നതെന്ന് പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എസ് കുമാരന്റെ ചോദ്യം.
 ഒരു ചാഞ്ചല്യവുമാല്ലാതെ മറുപടി വന്നു: 'മിനിമം കൂലിക്കായി സമരം ചെയ്യാനെന്ന്'. ഉടനെ പാർട്ടിയുടെ മുന്നറിയിപ്പ്: 'ഇ.എം.എസ് സർക്കാരിനെതിരെ സമരം ചെയ്താൽ പാർട്ടിയിൽ കാണില്ലെന്ന്'. പക്ഷേ, ആനത്തലവട്ടം ആനന്ദനിലെ ട്രേഡ് യൂണിയനിസ്റ്റ് ചൂളിയില്ല. തൊഴിലാളികളേയും കൂട്ടി കൂടുതൽ ഉശിരോടെ, സെക്രട്ടേറിയറ്റിനു മുന്നിലേക്ക്. അവിടെ സമരജ്വാലകൾ ഉയർത്തിയാണ് ആനത്തലവട്ടം തൊഴിലാളികളുടെ കരുത്തറിയിച്ചത്. ഇതോടെ പാർട്ടി നേതൃത്വത്തിന് കലിപ്പുകൂടി. സമരം ചെയ്ത പാർട്ടിക്കാർക്കെതിരേ നടപടി വേണമെന്നായി മുറവിളി. പക്ഷേ, ഇ.എം.എസ് തന്ത്രപരമായ ഇടപെടലിലൂടെ എല്ലാവരെയും കൈയിലെടുത്തു. അങ്ങനെയാണ് ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോകണമെന്ന ചരിത്ര പ്രസിദ്ധമായ നിലപാടിലേക്ക് ഇ.എം.എസ് വഴിതുറന്നത്. അങ്ങനെ പാർട്ടിയെയും സർക്കാറിനെയും തൊഴിലാളികളെയും ആനന്ദിപ്പിക്കുന്ന തീരുമാനത്തിലെത്താൻ ഇ.എം.എസിനും അതിന് വഴിയൊരുക്കാൻ ആനത്തലവട്ടത്തിനുമായി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 പിന്നീട്, മോട്ടോർ തൊഴിലാളികളെ സംഘടിപ്പിച്ച് പാർട്ടിയിൽ ഫുൾ ടൈമറായി. വാഴമുട്ടത്ത് അമ്മു എന്ന കയർ തൊഴിലാളിയെ പോലീസ് കൊന്നതിനെതിരേ നടന്ന ഐതിഹാസിക സമരത്തിനും നേതൃത്വം നൽകി. പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയുടെ അനുഗ്രാശിസ്സുകളടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന പട്ടിണി മാർച്ച് അടക്കം എണ്ണമറ്റ സമര പോരാട്ടങ്ങളുടെ കുന്തമുനയായി അദ്ദേഹം നിന്നു. അങ്ങനെ തലയെടുപ്പുള്ള തൊഴിലാളി നേതാവായി വളർന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ഒന്നര വർഷം ഒളിവുജീവിതവും രണ്ടു മാസം ജയിൽവാസവും അനുഭവിച്ചു. കയർ തൊഴിലാളി, മോട്ടോർ തൊഴിലാളി, കെ.എസ്.ആർ.ടി.സി തൊഴിലാളി അങ്ങനെ ഏതാണ്ടെല്ലാ തൊഴിലാളി യൂണിയനുകളുടേയും തലപ്പത്തെത്തി തൊഴിലാളികളുടെ ജീവൽപ്രശ്‌നങ്ങളെ ജീവവായുവായി കണ്ടു. അവിടെ പാർട്ടിയും അധികാരികളും പ്രമാണിമാരുമെല്ലാം തൊഴിലാളികളുടെ വിയർപ്പിന്റെ വിലയറിഞ്ഞു പെരുമാറാൻ നിർബന്ധിതമായ ചരിത്രമാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. മൂന്നുതവണ തുടർച്ചയായി ആറ്റിങ്ങലിൽനിന്ന് എം.എൽ.എയായപ്പോഴും മണ്ഡലത്തിന്റെ മുക്കുമൂലകളിലെത്തി ഉള്ളവന്റെയും ഇല്ലാത്തവന്റെയും പ്രശ്‌നങ്ങൾ മനസ്സിലാക്കി മണ്ഡലത്തിന്റെ സർവതോന്മുഖമായ വികസനത്തിനും അദ്ദേഹം ചുക്കാൻ പിടിച്ചു. കൃത്യമായ രാഷ്ട്രീയം പറയുമ്പോഴും എതിരാളികളുടെ പോലും കൈയടി നേടാൻ അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ഇടപെടലുകൾക്ക് സാധിച്ചിരുന്നു. 

Latest News