ഒരു കാലത്ത് സൗദിയിലേക്ക എത്തിനോക്കാൻ പോലും മടിച്ചിരുന്ന വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കാണിപ്പോൾ. സൗദി അറേബ്യയടക്കം ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി കൂടി നടപ്പാകുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ അഭൂതപൂർവമായ വളർച്ചയാവും ഉണ്ടാവുക.
ലോകത്താകമാനം വിനോദ സഞ്ചാര വ്യവസായ മേഖല വൻ കുതിപ്പിലാണ്. കോവിഡ് കാലത്ത് തകർന്നടിഞ്ഞ ഈ രംഗം കോവിഡ് ഭീതി അകന്നതോടെ മുമ്പെന്നത്തേക്കാളും ശക്തമായാണ് മുന്നേറുന്നത്. ഈ അവസരം മുതലെടുത്ത് ടൂറിസം രംഗത്ത് വലിയ തോതിലുള്ള നിക്ഷേപവും വികസനവും സാധ്യമാക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ മത്സര ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നത്. ഇതിൽ സൗദി അറേബ്യ ഒരു പടി മുന്നിലാണ്. അടുത്തിടെ അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയും ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് റിയാദിൽ ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ടൂറിസവും ഹരിത നിക്ഷേപങ്ങളും എന്ന ശീർഷകത്തിൽ നടത്തിയ ആഘോഷങ്ങളും ഇതിന്റെ സൂചനയായിരുന്നു. എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനുള്ള മുഖ്യ സ്രോതസ്സുകളിലൊന്നായി വിനോദ സഞ്ചാര മേഖലയെ സൗദി അറേബ്യ മാറ്റിയിരിക്കുകയാണ്. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ വൻതോതിലുള്ള നിക്ഷേപമാണ് രംഗത്ത് സൗദി നടത്തുന്നത്. ഇതിന്റെ ഫലമായി ഒരു കാലത്ത് സൗദിയിലേക്ക എത്തിനോക്കാൻ പോലും മടിച്ചിരുന്ന വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കാണിപ്പോൾ. സൗദി അറേബ്യയടക്കം ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി കൂടി നടപ്പാകുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ അഭൂതപൂർവമായ വളർച്ചയാവും ഉണ്ടാവുക.
അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലായിരുന്നു ആറ് ഗൾഫ് രാജ്യങ്ങൾക്ക് ഏകീകൃത ടൂറിസ്റ്റ് വിസ തീരുമാനം ഉണ്ടായത്. ഈ പദ്ധതിയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക പ്രവാസികൾക്കായിരിക്കും. ഒറ്റ വിസ കൊണ്ട് സൗദിക്ക് പുറമെ യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം. പദ്ധതി പ്രകാരം ജി.സി.സി പ്രവാസികൾക്കും പൗരന്മാർക്കും സ്വതന്ത്രമായി ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാനാകും. വിസയില്ലാതെ ജി.സി.സി പ്രവാസികൾക്ക് വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ സാധിച്ചാൽ അത് ടൂറിസം മേഖലക്ക് ഉണ്ടാക്കുന്ന ഉണർവ് അതിശക്തമായിരിക്കും. ഇതിന്റെ പ്രയോജനം എല്ലാ ജി.സി.സി രാജ്യങ്ങൾക്കും ലഭിക്കുമെങ്കിലും കൂടുതൽ ലഭിക്കുക സൗദി അറേബ്യക്കായിരിക്കും. പുണ്യസ്ഥലങ്ങളായ മക്ക, മദീന സാന്നിധ്യവും സൗദി അറേബ്യയുടെ വിശാലതയും വൈവിധ്യമാർന്ന ഭൂമശാസ്ത്രവും സംസ്‌കാരവുമെല്ലാം അനുകൂല ഘടനങ്ങളാണ്. ഇത് നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ലെന്നതും ഗൾഫ് പ്രവാസികൾക്ക് ആശ്വാസകരമാവും. വിനോദ സഞ്ചാര മേഖലകളിലേക്കു മാത്രമല്ല, ജി.സി.സി രാജ്യങ്ങളിലെ പ്രവാസികളുടെയും സ്വദേശികളുടെയും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒട്ടുമിക്ക രാജ്യങ്ങളിലുമുണ്ടെന്നതിനാൽ പരസ്പരമുള്ള കൂടിക്കാഴ്ചകൾക്കും സൗഹൃദം പുതുക്കുന്നതിനുമുള്ള യാത്രകളുടെ പെരുമഴക്കാലവും ഉണ്ടാവും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിലൊന്നാണ് ടൂറിസം മേഖല. ലോകത്തിലെ ഓരോ 10 പേരിൽ ഒരാൾക്കു വീതം ഈ മേഖല ജോലി നൽകുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ചില രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനത്തിന്റെ 20 ശതമാനത്തിലേറെ ടൂറിസം മേഖലയുടെ സംഭാവനയാണ്. ഈ തിരിച്ചറിവാണ് സൗദി അറേബ്യയെ വൈകിയാണെങ്കിലും ഈ രംഗത്തേക്ക് കടന്നുവരാനും വൻ തോതിൽ നിക്ഷേപം നടത്താനും പ്രേരിപ്പിച്ചത്. ഈ രംഗത്ത് 80,000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത കാലത്തായി സൗദി അറേബ്യ നടത്തിയിരിക്കുന്നത്. ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് റിയാദിൽ നടന്ന ലോക ടൂറിസം ദിനാഘോഷ വേളയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 120 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലേറെ പ്രതിനിധികളാണ് റിയാദിലെ ആഘോഷ വേളയിൽ പങ്കെടുത്തത്. 43 വർഷം മുമ്പായിരുന്നു വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ രൂപീകരണം. അതിന് ശേഷം ഇതാദ്യമായാണ് വിവിധ രാജ്യങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര തലത്തിൽ ഇത്ര വലിയ ആഘോഷം സംഘടിപ്പിക്കുന്നത്.
ടൂറിസം വ്യവസായത്തിന് എവിടെയും അഭൂതപൂർവമായ വളർച്ചയാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 1970 ൽ ആഗോള ആഭ്യന്തര ൽപാദനത്തിന്റെ 3 ശതമാനത്തിൽ താഴെ മാത്രമായിരുന്നു ആഗോള വിനോദ സഞ്ചാരത്തിന്റെയും ടൂറിസത്തിന്റെയും സംഭാവന. അതായത് എഴുപതുകളുടെ തുടക്കത്തിൽ 118 ദശലക്ഷം വിനോദ സഞ്ചാരികളുണ്ടായിരുന്നിടത്ത് കോവിഡിന് തൊട്ടുമുൻപ് 2019 ൽ അത് 1.5 ബില്യൺ ആയി ഉയർന്നിരുന്നു. കോവിഡ് കാലം എല്ലാ രംഗത്തുമെന്ന പോലെ ഈ രംഗത്തെയും വല്ലാതെ തളർത്തിയിരുന്നുവെങ്കിലും ഇപ്പോഴത് പൂർവ സ്ഥിതിയിലേക്ക് മടങ്ങുകയാണ്. അതിനാൽ സൗദി അറേബ്യ ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. സന്ദർശകർ പ്രതീക്ഷിക്കുന്നതിനേക്കാളുപരിയായുള്ള സൗകര്യങ്ങൾ ഒരുക്കുതിനുള്ള പരിശ്രമത്തിലാണ് സൗദി. ആഗോള തലത്തിലുള്ള സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് സൗദി അറേബ്യ ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. അതിന്റെ ഫലമായാണ് 80,000 കോടി ഡോളറിന്റെ നിക്ഷേം കുറഞ്ഞ കാലം കൊണ്ട് ഈ രംഗത്തു സാധ്യമാക്കാനായത്.
വിനോദ സഞ്ചാര വ്യവസായം ഇന്നു നേരിടുന്ന പ്രതിസന്ധി ഈ രംഗത്ത് ജോലി ചെയ്യുന്നതിന് പരിചയ സമ്പന്നരായ ഉദ്യോഗാർഥികളെ വേണ്ടത്ര ലഭിക്കുന്നില്ലെന്നതാണ്. ഇതു കണക്കിലെടുത്താണ് 100 കോടി ഡോളറിൽ റിയാദിൽ സ്‌കൂൾ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കാനുള്ള സൗദിയുടെ തീരുമാനം. അടുത്ത വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഈ സ്ഥാപനത്തിൽ 2030 ആകുന്നതോടെ പ്രതിവർഷം 25,000 വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാവും. ഖിദിയയിൽ 50 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയാണ് സ്‌കൂൾ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി കാമ്പസ് ഒരുങ്ങുന്നത്. എല്ലാ രാജ്യക്കാർക്കും പ്രവേശനം സാധ്യമാവുന്ന ഈ സ്ഥാപനം സൗദി അറേബ്യയുടെ ലോകത്തിനുള്ള സംഭാവനായി മാറുമെന്നതിൽ സംശയമില്ല. അത്യാധുനിക പാഠ്യപദ്ധതികളും പരിശീലന സൗകര്യങ്ങളുമാവും ഇവിടെയുണ്ടാവുക. സൗദിയിലെ നിലവിലുള്ള പ്രവാസികൾക്കും ഭാവി തലമുറക്കും വൻ സാധ്യതകൾ തുറന്നിടുന്നതാണ് സൗദിയുടെ ഓരോ ചുവടുകളും. അതിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കാലാനുസൃതമായ മാറ്റങ്ങളും പഠനങ്ങളും ആവശ്യമാണ്. അതു സാധ്യമാകുമെന്നുണ്ടെങ്കിൽ സൗദിയുടെ മണ്ണ് പഴയത് പോലെ പ്രവാസി വളക്കൂറുള്ളതായി തുടരും.






