പരസ്യം കാണിക്കാൻ ഉപയോക്താക്കളുടെ സമ്മതം വേണം
യൂറോപ്യൻ ഉപയോക്താക്കൾക്ക് പരസ്യമില്ലാത്ത ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പതിപ്പുകൾ ഉപയോഗിക്കാൻ 14 ഡോളർ വരെ ഫീസ് ഏർപ്പെടുത്താൻ നീക്കം. യൂറോപ്യൻ യൂനിയന്റെ (ഇ.യു) സമഗ്ര ഡിജിറ്റൽ നിയന്ത്രണ നടപടികളുടെ പശ്ചാത്തലത്തിലാണ് പരസ്യരഹിത പതിപ്പുകൾക്ക് സോഷ്യൽ നെറ്റ്‌വർക്കിംഗ് ഭീമനായ മെറ്റ യൂറോപ്യൻ ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാർഗറ്റ് ചെയ്ത പരസ്യങ്ങൾ കാണിക്കുന്നതിന് ഉപയോക്താക്കളുടെ സമ്മതം നേടിയിരിക്കണമെന്ന കർശനമായ സ്വകാര്യത നിയമങ്ങൾ മറികടക്കാനുള്ള മെറ്റയുടെ ശ്രമമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് മൊബൈൽ ഉപകരണങ്ങളിൽ പ്രതിമാസം ഏകദേശം 14 ഡോളറും ഡെസ്‌ക്‌ടോപ്പിൽ 17 ഡോളറും ഒരു മാസം ചെലവഴിക്കേണ്ടി വരും. പരസ്യമുള്ള സൗജന്യ പതിപ്പുകളും പരസ്യരഹിത പെയ്ഡ് പ്ലാനും മുന്നോട്ടു വെച്ചാൽ മിക്ക ഉപയോക്താക്കളും ആദ്യത്തേത് തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
ഇതുവഴി കമ്പനിയുടെ പരസ്യ വരുമാനത്തെ ബാധിക്കാതെ തന്നെ ഇ.യു നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ബ്രസ്സൽസിലെ ഡിജിറ്റൽ മത്സര റെഗുലേറ്റർമാർ, അയർലണ്ടിലെ സ്വകാര്യത റെഗുലേറ്റർമാർ, മറ്റു ഇ.യു സ്വകാര്യത റെഗുലേറ്റർമാർ എന്നിവരുമായി പുതിയ നിർദേശത്തെക്കുറിച്ച് മെറ്റ അധികൃതർ സംഭാഷണം നടത്തിയതായി ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു.
മെറ്റ പ്ലാനിന് 'സബ്‌സ്‌ക്രിപ്ഷൻ നോ ആഡസ് അഥവാ എസ്.എൻ.എ എന്ന് പേരിട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. വരുംമാസങ്ങളിൽ ഇത് അവതരിപ്പിക്കുമെന്നാണ് സൂചന.
വ്യക്തിപരമാക്കിയ പരസ്യങ്ങളോടെയുള്ള സൗജന്യ സേവനം നിലനിർത്തണമെന്നാണ് മെറ്റ ആഗ്രഹിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങളിലെ അധികൃതർ മുന്നോട്ട് വെക്കുന്ന സ്വകാര്യത നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള വഴികളാണ് കണ്ടെത്തുന്നത് -മെറ്റ വക്താവ് പറഞ്ഞു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനുകൾക്കായി പണം നൽകുന്നവർക്ക് ആപ്പുകളിൽ പരസ്യങ്ങൾ കാണേണ്ടി വരില്ല.
ഉപയോക്താക്കളുടെ ഡാറ്റ വിശകലനം ചെയ്ത ശേഷം പരസ്യങ്ങൾ കാണിക്കുന്ന രീതി അവസാനിപ്പിക്കാനാണ് യൂറോപ്യൻ യൂനിയൻ അധികൃതരുടെ നിർദേശം.
സ്വകാര്യത ആശങ്കകളും മറ്റ് സൂക്ഷ്മപരിശോധനകളും ഒഴിവാക്കാൻ പുതിയ നിർദേശം മെറ്റയെ സഹായിച്ചേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബൈറ്റ് ഡാൻസ് ഉടമസ്ഥതയിലുള്ള ടിക് ടോക് നടത്തിയ സമാന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇ.യു നടപ്പിലാക്കിയ ഡിജിറ്റൽ നിയന്ത്രണങ്ങൾ അനുസരിച്ചുള്ള മെറ്റയുടെ നീക്കം.
വളരെ വലിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, വളരെ വലിയ ഓൺലൈൻ സെർച്ച് എൻജിനുകൾ എന്നിങ്ങനെ വിശേഷിപ്പിക്കുന്ന പ്രധാന പ്ലാറ്റ്‌ഫോമുകളിലും സെർച്ച് എൻജിനുകളിലും ഉപയോക്താക്കളെ നിരീക്ഷിക്കാനും അവർക്ക് ആവശ്യമായ പരസ്യങ്ങൾ നൽകാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത സംവിധാനം റദ്ദാക്കാൻ ഉപയോക്താക്കളെ അനുവദിക്കണമെന്നതാണ് യൂറോപ്യൻ യൂനിയന്റെ ഡിജിറ്റൽ സേവന നിയമം (ഡി.എസ്.എ).