നീണ്ട ജോലിദിനങ്ങൾക്കും മുതലാളിത്ത ആവേശത്തിനും പേരുകേട്ട വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഡിമോൺ തന്റെ ഉട്ടോപ്യൻ പ്രവചനത്തിൽ കുറഞ്ഞ തൊഴിൽ വാരം ഉൾപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.
അടുത്ത തലമുറക്ക് കാൻസർ വരാതെ 100 വയസ്സ് വരെ ജീവിക്കാമെന്നും ആഴ്ചയിൽ മൂന്നര ദിവസം മാത്രം ജോലി ചെയ്താൽ മതിയാകുമെന്നും കോർപറേറ്റ് ലോകത്തെ കരുത്തുറ്റ വ്യക്തികളിൽ ഒരാളായ ജാമി ഡിമോൺ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ജെപി മോർഗൻ ചേസ് സി.ഇ.ഒ ആയ ജാമി ഡിമോൺ അടുത്ത തലമുറയ്ക്കായി ഈ ജീവിതം പ്രവചിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ജോലികൾ ഇല്ലാതാക്കുമെന്ന് ബ്ലൂംബെർഗുമായുള്ള അഭിമുഖത്തിൽ ഡിമോൺ സമ്മതിച്ചു. എന്നാൽ തന്റെ കമ്പനിയിൽ മാത്രമല്ല, വിശാലമായ സമ്പദ്‌വ്യവസ്ഥയിൽ ആകെ തന്നെയും സാങ്കേതിക വിദ്യ വലിയ മാറ്റം കൊണ്ടുവരുമെന്ന് പറയുമ്പോൾ അദ്ദേഹം ആവേശഭരിതനാണ്. 2,40,000 ജോലിക്കാരും 2.6 ട്രില്യൺ ഡോളർ ആസ്തിയുമുള്ള തന്റെ ബാങ്ക് എ.ഐയെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിക്ഷേപത്തിൽ റിസ്‌ക് കുറയ്ക്കുന്നതിനാണ് സ്ഥാപനം എ.ഐ ഉപയോഗിക്കുന്നത്. എണ്ണയിൽ നിക്ഷേപിക്കുന്നതോടൊപ്പം സോളാർ പാനലുകളിലും നിക്ഷേപിക്കുകയെന്നത് റിസ്‌ക് കുറക്കുന്നതിനുള്ള തന്ത്രമാണ്.
സാങ്കേതികവിദ്യ എപ്പോഴും ജോലികൾ എടുത്തു മാറ്റുന്നുണ്ടെങ്കിലും ആളുകൾക്ക് ദീർഘനിശ്വാസം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുട്ടികൾ 100 വയസ്സ് വരെ ജീവിക്കും, സാങ്കേതികവിദ്യ കാരണം കാൻസർ വരില്ല. അക്ഷരാർത്ഥത്തിൽ അവർ ആഴ്ചയിൽ മൂന്നര ദിവസം മാത്രമേ ജോലി ചെയ്യുന്നുണ്ടാകൂ -ജാമി ഡിമോൺ പറഞ്ഞു.
നീണ്ട ജോലിദിനങ്ങൾക്കും മുതലാളിത്ത ആവേശത്തിനും പേരുകേട്ട വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഡിമോൺ തന്റെ ഉട്ടോപ്യൻ പ്രവചനത്തിൽ കുറഞ്ഞ തൊഴിൽ വാരം ഉൾപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.
ജോലി സമയം കുറയ്ക്കണമെന്ന ആവശ്യം വളരെക്കാലമായി യൂനിയനുകളും ലേബർ അനുകൂല ഗ്രൂപ്പുകളും ഉന്നയിക്കുന്നതാണ്. ആവർത്തിച്ചുള്ള ജോലികൾ അവിശ്വസനീയമാം വിധം വേഗത്തിലാക്കാനും ഇംഗ്ലീഷ് എളുപ്പത്തിൽ എഴുതാനും വലിയ ഡാറ്റകൾക്ക് പകരം മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയുന്നതും ഉപയോഗപ്രദവുമായ പാറ്റേണുകൾ കണ്ടെത്തുന്നതിനും എ.ഐ സാങ്കേതികവിദ്യ സഹായകമാകുമെന്നും കരുതുന്നവരാണ് നിർമിത ബുദ്ധി (എ.ഐ) ശുഭാപ്തിവിശ്വാസികൾ.
ഉപയോക്തൃ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മനുഷ്യ ആശയവിനിമയം താരതമ്യേന നന്നായി പകർത്താനും കഴിയുന്ന എ.ഐ പവർ ഭാഷ മോഡലായ ചാറ്റ് ജി.പി.ടി വൈറലായതിന് ശേഷം ഈ മേഖലയിലെ താൽപര്യവും നിക്ഷേപവും കുതിച്ചുയർന്നിരുന്നു.
കൃത്രിമ ബുദ്ധി തൊഴിലാളികളെ അതിശയിപ്പിക്കും വിധം മാറ്റുമെന്ന് അഭിപ്രായപ്പെട്ട എക്‌സിക്യൂട്ടീവുകളുടെ കൂട്ടത്തിലാണ് ജാമി ഡിമോനും ചേർന്നിരിക്കുന്നത്. തൊഴിലാളികൾ സ്വയം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചില സി.ഇ.ഒമാർ സംസാരിക്കുമ്പോൾ ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് മറ്റു ചിലർ പറയുന്നത്.
എന്നാൽ തൊഴിൽ ശക്തിയുടെ പരിവർത്തനം വരുമാന അസമത്വം വർധിപ്പിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചില എ.ഐ സിസ്റ്റങ്ങൾ വഴി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന വലിയ അണ്ടർക്ലാസ് രൂപപ്പെടുമെന്നും പറയുന്നു. എഴുത്തുകാർക്ക് തുരങ്കം വെക്കുന്ന സാങ്കേതികവിദ്യ ഭീഷണിയും ഹോളിവുഡ് എഴുത്തുകാരുടെ സമരത്തിൽ അടുത്തിടെ പ്രധാന വിഷയമായി.