ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതം; വിദേശ നേതാക്കള്‍ക്ക് ക്ഷണമില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി ജയിച്ച പാക്കിസ്ഥാന്‍ തെഹ് രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ വിദേശ നേതാക്കളെ ക്ഷണിക്കില്ലെന്ന് പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 11നാണ് ചടങ്ങ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള സാര്‍ക്ക് രാഷ്ട്രതലവന്‍മാരെ ചടങ്ങിന് ക്ഷണിക്കാന്‍ പി.ടി.ഐ ആലോചിക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് പാര്‍ട്ടി വക്താവ് ഫവാദ് ചൗധരി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങ് ലളിതമായിരിക്കുമെന്നും ഇത് ഐവാനെ സദറിലോ പ്രസിഡന്റിന്റെ വസതിയിലോ വച്ചായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വളരെ ലളിതമായ ചടങ്ങു മതിയെന്നാണ് ഇംറാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വക്താവ് അറിയിച്ചു. ഇംറാന്റെ അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രമാണ് ക്ഷണമുള്ളത്. വളരെ ചെലവ് ചുരുക്കിയ ഒരു ചടങ്ങായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്ന് രാഷ്ട്രീയ നേതാക്കള്‍ ആരുമില്ലെന്നും ഇംറാന്റെ അടുത്തു സുഹൃത്തുക്കളായ വിദേശികള്‍ മാത്രമെ ചടങ്ങിനെത്തൂവെന്നും പാര്‍ട്ടി വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌ക്കര്‍, കപില്‍ ദേവ്, കോണ്‍ഗ്രസ് നേതാവ് കൂടിയായ നവജ്യോത് സിങ് സിദ്ദു എന്നിവരെ ചടങ്ങിലേക്ക് ഇംറാന്‍ ക്ഷണിച്ചിരുന്നു.
 

Latest News