മലപ്പുറം-അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് സ്‌കൂളിലുണ്ടായ വിവാദങ്ങൾ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് രമ്യമായി പരിഹരിച്ചു.
കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് വിവാദങ്ങൾക്കും പരാതികൾക്കും വെടിനിർത്തലുണ്ടായത്. എടപ്പറ്റ സികെഎച്ച്എംജിഎച്ച്എസ് സ്‌കൂളിലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകർക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്നു സർക്കാർ ഉത്തരവുണ്ടെന്നു അധ്യാപിക കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയിൽ പരിഹാരം കാണാൻ കമ്മീഷൻ നിർദേശിച്ചു. തുടർന്ന് ഉപഡയറക്ടർ (ഡിഡി) സകൂൾ സന്ദർശിച്ച് അധ്യാപികയിൽ നിന്നും പ്രധാനാധ്യാപികയിൽ നിന്നും വിശദാംശങ്ങൾ തേടി. അധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന 'സൗകര്യപ്രദം' എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നു ഡി.ഡി. കമ്മീഷനെ അറിയിച്ചു. ഏതു വസ്ത്രത്തിനാണ് മാന്യതയുള്ളതെന്നും ഇല്ലാത്തതെന്നും തീർത്തു പറയാനാകില്ല. സർക്കാർ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽ നിന്നു രമ്യമായും സൗമ്യമായും തീർക്കേണ്ട ഒരു വിഷയം
സങ്കീർണമാക്കിയതിൽ അധ്യാപികക്കും പ്രധാനാധ്യാപികക്കും തുല്യഉത്തരവാദിത്വമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനകൾ ചട്ടവിരുദ്ധമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നു അധ്യാപിക അറിയിച്ചു. പരാതിക്കാരി നിർവ്യാജം ഖേദം പ്രകടിപ്പിച്ചതായും ഡി.ഡി. അറിയിച്ചു. ഇതേ തുടർന്ന് പരാതിക്കാരിക്ക് മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റം നൽകി. വിഷയം രമ്യമായി പരിഹരിക്കാതിരുന്ന പ്രധാനാധ്യാപികക്ക് പരാതിക്ക് ഇട നൽകാത്ത വിധം പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലിംഗ വിവേചനം കാണിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റണമെന്ന് പരാതിക്കാരി കമ്മീഷൻ മുമ്പാകെ ആവശ്യപ്പെട്ടു.
ഡി.ഡിയുടെ ഇടപെടൽ നിക്ഷ്പക്ഷവും മാത്യകാപരവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ ഇത്തരത്തിൽ ബാലിശമായി പെരുമാറരുതെന്ന് കമ്മീഷൻ താക്കീത് നൽകി. ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും ഉത്തരവിൽ പറഞ്ഞു. പരാതി പരിഹരിച്ചതിനെ തുടർന്ന് കേസ് തീർപ്പാക്കി.