Sorry, you need to enable JavaScript to visit this website.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് സെനറ്റ് തെരഞ്ഞെടുപ്പ്; ബി.ജെ.പി വോട്ട് ലീഗിന് ലഭിച്ചോ

കൽപറ്റ-കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വയനാട്ടിലെ തദ്ദേശസ്ഥാപന പ്രതിനിധിയുടെ ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തെ അട്ടിമറിച്ച് ലീഗ് പ്രതിനിധിക്ക് ജയം. ജില്ലാ കമ്മിറ്റിയംഗവും  ബത്തേരി നഗരസഭ മുൻ ചെയർമാനുമായ സി.കെ. സഹദേവനെ തോൽപ്പിച്ച്് ലീഗ് നേതാവ് ഹംസയാണ് ജയിച്ചത്.  ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു പരിധിയിൽ വരുന്ന ത്രിതല പഞ്ചായത്തുകളിലെയും കൽപറ്റ, ബത്തേരി  മുൻസിപ്പാലിറ്റികളിലെയും ഭരണസമിതിഅംഗങ്ങളിൽ കൂടുതലും എൽ.ഡി.എഫ് ടിക്കറ്റിൽ ജയിച്ചവരായിട്ടും സെനറ്റിലേക്ക് മുസ്‌ലിംലീഗിലെ ടി. ഹംസ വിജയിച്ചത് സി.പി.എമ്മിനു  പ്രഹരമായി. എൽ.ഡി.എഫുമായി സഹകരണത്തിലുള്ള  ലോക്താന്ത്രിക് ജനതാദളിൽനിന്നുള്ള ജനപ്രതിനിധികളിൽ ചിലരുടെ വോട്ടും സ.ിപി.എം സ്ഥാനാർഥിക്കു ലഭിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 
തെരഞ്ഞെടുപ്പിൽ ഹംസയ്ക്കു 209-ഉം സഹദേവനു 207-ഉം വോട്ടാണ് ലഭിച്ചത്. ബത്തേരി മുൻസിപ്പാലിറ്റിയിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥി ബാബുവിനു 11 വോട്ടു കിട്ടി. 438 പേർക്കായിരുന്നു വോട്ടവകാശം. 434 വോട്ടാണ് പോൾ ചെയ്തത്. ഏഴ് വോട്ട് അസാധുവായി. 
കാലിക്കറ്റ് സർവകലാശാല പരിധിയിലെ തദ്ദേശസ്ഥാപന ഭരണസമിതികളിൽ എൽ.ഡി.എഫിനു 220-ഉം യു.ഡി.എഫിനു 196-ഉം അംഗങ്ങളുണ്ട്. 13 പ്രതിനിധികകളാണ് ബി.ജെ.പിക്ക്.  വോട്ടർമാരിൽ എട്ടു പേർ എം.വി. ശ്രേയാംസ്‌കുമാർ സംസ്ഥാന അധ്യക്ഷനായ ലോക് താന്ത്രിക് ജനതാദളിൽനിന്നുള്ളവരാണ്. എൽ.ഡി.എഫിന്റേതൊപ്പം ലോക് താന്ത്രിക് ദളിന്റെ വോട്ടും ചേർത്തുവച്ച സി.പി.എം സഹദേവൻ സെനറ്റിലെത്തുമെന്നു ഉറപ്പിച്ചതാണ്. എന്നിരിക്കെയാണ് തെരഞ്ഞടുപ്പിൽ മേപ്പാടി പഞ്ചായത്ത് ഭരണസമിതിയംഗവും മുസ്‌ലിം ലീഗ് കൽപറ്റ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ  ഹംസയുടെ വിജയം. 
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് മുന്നണിക്കു പുറത്തുള്ളവരുടെ വോട്ടും ലഭിച്ചു. യു.ഡി.എഫിനുള്ളതിലും 13 വോട്ടാണ് ഹംസ അധികം നേടിയത്. ഇതിൽ എൽ.ഡി.എഫ് വോട്ടും ഉണ്ടെന്ന അനുമാനത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം. ബി.ജെ.പിക്ക് 13 വോട്ടർമാരുണ്ടെങ്കിലും സ്ഥാനാർഥിക്കു 11 വോട്ടാണ് ലഭിച്ചത്. ബാക്കി രണ്ട് വോട്ട് അസാധുവാകുകയോ യു.ഡി.എഫ് സ്ഥാനാർഥിക്കു ലഭിക്കുകയോ ചെയ്തു. ലോക് താന്ത്രിക് ജനതാദളിലെ വോട്ടർമാരിൽ കുറഞ്ഞത് അഞ്ചുപേർ പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സി.പി.എം നേതൃത്വം കരുതുന്നു. വോട്ട് യു.ഡി.എഫിനു പോയതിലുള്ള അതൃപ്തി സി.പി.എം ജില്ലാ നേതൃത്വം താന്ത്രിക് ദൾ ജില്ലാ നേതാക്കളെ അറിയിച്ചതായാണ് വിവരം. അതേസമയം, ബി.ജെ.പി നേതാക്കൾ പണംവാങ്ങി മുസ്‌ലിംലീഗ് സ്ഥാനാർഥിക്ക് വോട്ട് വിറ്റുവെന്ന ആരോപണം സി.പി.എം ജില്ലാ നേതൃത്വം ഉന്നയിച്ചിട്ടുണ്ട്. 


 

Latest News