റിയാദ്- ഉടൽ ഒട്ടിപ്പിടിച്ച നിലയിൽ പിറന്നുവീണ ടാൻസാനിയൻ സയാമിസ് ഇരട്ടകളായ ഹസനും ഹുസൈനും നാളെ വേർപെടുത്തൽ ശസ്ത്രക്രിയ നടത്തും. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും സയാമിസ് ഇരട്ടകൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കൽ സംഘം ലീഡറുമായ ഡോ.അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലാണ് റിയാദിൽ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ച് ഓപ്പറേഷൻ നടത്തുക.
രണ്ടു വയസ്സ് പ്രായമുള്ള കുട്ടികൾക്ക് 13.5 കിലോ തൂക്കമുണ്ട്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സൗദി അറേബ്യ അയച്ച പ്രത്യേക എയർ ആംബുലൻസിലാണ് ടാൻസാനിയയിലെ ദാറുസ്സലാം നഗരത്തിൽ നിന്ന് സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും ഓഗസ്റ്റ് 23 ന് റിയാദിലെത്തിച്ചത്. 35 മെഡിക്കൽ സംഘം ഒമ്പതു ഘട്ടങ്ങളായി നടത്തുന്ന ഓപ്പറേഷൻ 16 മണിക്കൂർ നീണ്ടു നിൽക്കുമെന്ന് ഡോ.അബ്ദുല്ല അൽറബീഅ പറഞ്ഞു.