Sorry, you need to enable JavaScript to visit this website.

ഫ്‌ളൈ നാസ് വിമാനങ്ങൾ 56 ആയി ഉയർന്നു

ജിദ്ദ - മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 56 ആയി ഉയർന്നു. നേരത്തെ നൽകിയ ഓർഡറിന്റെ ഭാഗമായി കഴിഞ്ഞ മാസം എയർബസ് എ-320 നിയോ ഇനത്തിൽപെട്ട അഞ്ചു വിമാനങ്ങൾ ഫ്‌ളൈ നാസിന് ലഭിച്ചതോടെയാണിത്. ഞങ്ങൾ ലോകത്തെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്നു എന്ന ശീർഷകത്തിൽ സമീപ കാലത്ത് ഫ്‌ളൈ നാസ് ആരംഭിച്ച വിപുലീകരണ പദ്ധതിയുടെ ഭാഗമായും ദേശീയ വ്യോമയാന തന്ത്രത്തിന് അനുസൃതമായും രണ്ടു വർഷത്തിനിടെ ഫ്‌ളൈ നാസ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി ഉയർന്നിട്ടുണ്ട്. 2030 ഓടെ സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായും സൗദിയിൽ നിന്ന് നേരിട്ട് വിമാന സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ലേറെയായും ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.
കഴിഞ്ഞ മാസം അഞ്ചു വിമാനങ്ങൾ കൂടി ലഭിച്ചതോടെ ഈ വർഷം ഫ്‌ളൈ നാസിന് ലഭിച്ച പുതിയ വിമാനങ്ങൾ 11 ആയി ഉയർന്നു. നേരത്തെ നൽകിയ ഓർഡർ പ്രകാരം ഈ കൊല്ലം കമ്പനിക്ക് എയർബസ് എ-320 നിയോ ഇനത്തിൽപെട്ട 19 വിമാനങ്ങൾ ലഭിക്കും.
തീർഥാടകരുടെ പുണ്യഭൂമിയിലേക്കുള്ള വരവ് എളുപ്പമാക്കാനുള്ള പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും സൗദി അറേബ്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതിന് ദേശീയ വിമാന കമ്പനികളെ പ്രാപ്തമാക്കാനുള്ള ദേശീയ വ്യോമയാന തന്ത്രത്തിന്റെയും ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന നിലക്ക് വിമാന നിരയുടെ വലിപ്പം വർധിപ്പിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ സീറ്റ് കപാസിറ്റി ഇരട്ടിയാക്കി വളർച്ച, വിപുലീകരണ തന്ത്രം കൈവരിക്കാനുള്ള ഫ്‌ളൈ നാസിന്റെ പ്രതിബദ്ധത പുതിയ ബാച്ച് വിമാനങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കമ്പനി സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന പറഞ്ഞു.
വിമാന നിരയുടെ വലിപ്പം വർധിച്ചതിലൂടെ പുതിയ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ച് വിപുലീകരണ തന്ത്രം തുടരാൻ കമ്പനിക്ക് സാധിക്കും. 3200 കോടിയിലേറെ റിയാലിന് 120 വിമാനങ്ങൾക്ക് എയർബസിന് നൽകിയ ഓർഡറിന്റെ ഭാഗമായി വരുംവാരങ്ങളിൽ എട്ടു പുതിയ വിമാനങ്ങൾ കൂടി കമ്പനിക്ക് ലഭിക്കും. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയും ലോകത്തെ ഏറ്റവും മികച്ച അഞ്ച് ബജറ്റ് വിമാന കമ്പനികളിൽ ഒന്നും എന്ന നിലയിലുള്ള സ്ഥാനം ശക്തമാക്കാനുള്ള ശ്രമങ്ങളുമായി കമ്പനി മുന്നോട്ട് പോവുകയാണ്. ഫ്‌ളൈ നാസിന്റെ ഏറ്റവും പുതിയ ഓപറേഷൻ സെന്റർ ഈ വർഷാവസാനത്തിനു മുമ്പായി മദീന എയർപോർട്ടിൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ സൗദിയിലെങ്ങുമായി നാല് ഓപപ്പറേഷൻ സെന്ററുകൾ സ്വന്തമായുള്ള ഏക വിമാന കമ്പനിയായി ഫ്‌ളൈ നാസ് മാറുമെന്നും ബന്ദർ അൽമുഹന്ന പറഞ്ഞു.
ലോകത്തിലെ ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവും ഇന്ധന കാര്യക്ഷമതയുള്ളതുമായ ഏക ഇടനാഴി വിമാനമായ എയർബസ് എ-320 നിയോ ഇനത്തിൽപെട്ട വിമാനങ്ങളുടെ എണ്ണം 39 ആയി ഫ്‌ളൈ നാസ് ഉയർത്തിയിട്ടുണ്ട്. കമ്പനിക്ക് കീഴിലെ വിമാനങ്ങളിൽ 70 ശതമാനവും ഈയിനത്തിൽ പെട്ടവയാണ്. സുസ്ഥിരത, പരിസ്ഥിതി സംരക്ഷണ മേഖലയിൽ ഫ്‌ളൈ നാസിന്റെ പ്രതിബദ്ധത ഇത് വർധിപ്പിക്കുന്നു.
സൗദിയിലെയും വിദേശങ്ങളിലെയും 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിവാരം 1500 ലേറെ സർവീസുകൾ ഫ്‌ളൈ നാസ് നടത്തുന്നു. 2007 ൽ സർവീസ് ആരംഭിച്ച ശേഷം ഇതുവരെ ഫ്‌ളൈ നാസ് വിമാനങ്ങളിൽ ആറു കോടിയിലേറെ പേർ യാത്ര ചെയ്തിട്ടുണ്ട്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന നിലക്ക് ഫ്‌ളൈ നാസ് സർവീസ് നടത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളുടെ എണ്ണം 165 ആയി ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നു.

 

Latest News