ജിദ്ദ - നഗരത്തില്‍ പുതിയ എന്റടൈന്‍മെന്റ് ഇവന്റ്‌സ് ഏരിയയുടെ ഭാഗമായ ഇന്‍ഡോര്‍ മൃഗശാല സന്ദര്‍ശിക്കാന്‍ നഗരവാസികളും സന്ദര്‍ശകരും ഒഴുകിയെത്തുന്നു. ഈ മാസം മൂന്നിന് ഉദ്ഘാടനം ചെയ്ത ഇന്‍ഡോര്‍ മൃഗശാല നവംബര്‍ 16 വരെ സന്ദര്‍ശകരെ സ്വീകരിക്കും. ഒന്നര മാസക്കാലത്ത് വൈകീട്ട് നാലു മുതല്‍ രാത്രി പതിനൊന്നു വരെ മൃഗശാലയില്‍ സന്ദര്‍ശകരെ സ്വീകരിക്കും.
മൃഗങ്ങളെയും വന്യജീവികളെയും സ്‌നേഹിക്കുന്ന നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പ്രകൃതി വനങ്ങളുടെ അന്തരീക്ഷത്തില്‍ ആസ്വാദ്യകരമായ അനുഭവങ്ങള്‍ മൃഗശാല സമ്മാനിക്കുന്നു. എല്ലാ പ്രായവിഭാഗക്കാര്‍ക്കും വ്യത്യസ്ത അഭിരുചികളുള്ളവര്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന പരിപാടികളും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കും. വൈവിധ്യമാര്‍ന്നതും അപൂര്‍വവുമായ മൃഗങ്ങളുമായും വളര്‍ത്തുമൃഗങ്ങളുമായും പലതരം പക്ഷികളുമായും ഉരഗങ്ങളുമായും ഇടപഴകാന്‍ സന്ദര്‍ശകരെ മൃഗശാല അനുവദിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ ആകര്‍ഷകമായ വിനോദ പരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത മൃഗശാലയില്‍ വൈവിധ്യമാര്‍ന്ന വന്യമൃഗങ്ങളെ അടുത്തു കാണാനും സന്ദര്‍ശര്‍ക്ക് സാധിക്കും.