വാഷിംഗ്ടണ്‍- മക്കളെ നോക്കാന്‍ ഒരു ആയയെ വേണം. അമേരിക്കന്‍ പ്രസിഡന്റായി മത്സരിക്കാനൊരുങ്ങുന്ന വിവേക് രാമസ്വാമിയുടെ വീട്ടിലാണ് പണി. പ്രതിവര്‍ഷം ഒരുലക്ഷം ഡോളറാണ് ശമ്പളം, ഏകദേശം 83 ലക്ഷം രൂപ.
അമേരിക്കയിലെ ഒരു റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിലാണ് ആയയ്ക്കായുള്ള വിവേകിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. രണ്ട് കുഞ്ഞു മക്കളാണ് വിവേക് രാമസ്വാമിയ്ക്കും അദ്ദേഹത്തിന്റെ പത്‌നി അപൂര്‍വ്വക്കും. ഇവരുടെ മക്കളെ നോക്കുന്നതിലൂടെ അമേരിക്കയിലെ ഏറ്റവും പ്രമുഖ കുടുംബത്തിന്റെ ഭാഗമാകാമുള്ള അവസരമാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആയക്ക് വിവേക് രാമസ്വാമിയുടെ കുടുംബത്തോടൊപ്പം എപ്പോഴും യാത്ര ചെയ്യാനും അവസരം ലഭിക്കും. എന്നാല്‍ നിരവധി നിബന്ധനകളും ജോലിക്കായി മുന്നോട്ട് വച്ചിട്ടുണ്ട്. വീക്കിലി ഷെഡ്യൂളിലാണ് ആയ ജോലി ചെയ്യേണ്ടത്. അതായത് ഒരു ആഴ്ച ജോലി ചെയ്താല്‍ അടുത്ത ഒരു ആഴ്ച അവധിയായിരിക്കും. 26 ആഴ്ച ജോലി ചെയ്യുന്ന ആയക്ക് ലഭിക്കുക 100,000 ഡോളറാണ്.
പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണമെന്നും പരസ്യത്തില്‍ വിവേക് രാമസ്വാമി പറയുന്നു. മിക്ക ആഴ്ചകളിലും കുടുംബാംഗങ്ങളോടൊത്ത് സ്വകാര്യ ജെറ്റ് വിമാനത്തില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി യാത്രകള്‍ നടത്തേണ്ടിവരും. തെരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുള്‍പ്പെടുത്തും. ഷെഫ്, ഹൗസ് കീപ്പര്‍, െ്രെപവറ്റ് സെക്യൂരിറ്റി എന്നിവരുള്‍പ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉള്‍പ്പെടുത്തുക. കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കുക, യാത്രകള്‍ക്കാവശ്യമായ സാധനങ്ങള്‍ എടുത്തു വെക്കുക തുടങ്ങി കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു. 2024 അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് വിവേക് രാമസ്വാമി. താന്‍ വളരെ ചെറുപ്പമാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്നും ചിലര്‍ക്ക് ഒരു ധാരണയുണ്ടെന്ന് വിവേക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.