ജാതി സെന്‍സസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുറത്തുവിടുമെന്ന് കര്‍ണാടക

ബെംഗളുരു- ജാതി സെന്‍സസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പിന്നാക്ക വിഭാഗം കമ്മിഷനോടു നിര്‍ദേശിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജാതി സെന്‍സസ് ഫലങ്ങള്‍ പരസ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ കമ്മീഷന്‍ അധ്യക്ഷന്‍ ജയപ്രകാശ് ഹെഗ്‌ഡെയെ ബി. ജെ. പി സര്‍ക്കാര്‍ നിയമിച്ചതാണ്. അദ്ദേഹത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത മാസത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെഗ്‌ഡെ പറഞ്ഞതായും സിദ്ധരാമയ്യ പറഞ്ഞു.

ബീഹാറിലെ ജാതി സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ സെന്‍സസ് ഫലങ്ങള്‍ വെളിപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 170 കോടി രൂപ ചെലവില്‍ കര്‍ണാടകയില്‍ സര്‍വേ നടത്തിയിരുന്നെങ്കിലും അതിന്റെ ഫലങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കര്‍ണാടകയിലെ സര്‍വേ ഫലങ്ങള്‍ വിവിധ ജാതികളുടെ,  സംഖ്യാബലത്തെക്കുറിച്ചുള്ള 'പരമ്പരാഗത ധാരണ'ക്ക് വിരുദ്ധമായതിനാലാണ് മാറി വരുന്ന സര്‍ക്കാരുകള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ മടിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സര്‍വേ അംഗീകരിക്കാത്തതിനും അത് പരസ്യമാക്കാത്തതിനുമെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

Latest News