Sorry, you need to enable JavaScript to visit this website.

കേരളത്തിലെ തുടർച്ചയായ കലാപശ്രമങ്ങൾ: സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണം - സോളിഡാരിറ്റി

  • സംഘ്പരിവാറിന്റെ വംശീയ ഉൻമൂലന പദ്ധതിക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കുന്നു

കോഴിക്കോട് - കേരളത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപ ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും സംഘ്പരിവാറിന്റെ ആസൂത്രിതമായ കരങ്ങൾ ഇതിന് പിന്നിലുണ്ടെന്ന ആരോപണത്തെ സർക്കാറും പോലീസും മുഖവിലക്കെടുക്കിന്നില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. കൊല്ലം കടക്കലിൽ സൈനികന്റെ ശരീരത്തിൽ പി.എഫ്.ഐ ചാപ്പ കുത്തി എന്ന കള്ളക്കഥ മെനഞ്ഞ്  സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള സൈനികന്റെ ശ്രമവും ഇതിന്റെ ഭാഗമായിട്ട് വേണം മനസ്സിലാക്കാനെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏലത്തൂരും കണ്ണൂരും അടിക്കടിയുണ്ടായ ട്രെയിൻ തീ വെപ്പുകളുടെയും പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ പോലീസിന് ഇതു വരെയും കഴിഞ്ഞിട്ടില്ല. വംശീയ കലാപങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സംഘ്പരിവാറിന്റെ കാലങ്ങളായുള്ള അജണ്ടയാണ്. കേരളത്തിൽ നടക്കുന്ന ഓരോ കലാപ ശ്രമങ്ങളെയും ആഘോഷിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചത് ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളും അവരുടെ മുൻകൈയിലുള്ള മാധ്യമ സ്ഥാപനങ്ങളുമാണ്. 

സൈനികന്റെ പി.എഫ്.ഐ വ്യാജ ചാപ്പയെ തുടർന്ന് കേരളത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടി അനിൽ ആൻറണിക്കെതിരെ ഇതുവരെയും നിയമ നടപടി സ്വീകരിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണ്. കലാപ ശ്രമങ്ങൾക്ക് പിന്നിൽ സംഘ് പരിവാർ ബന്ധമുള്ളവർ പ്രതികളാകുമ്പോൾ മാനസിക രോഗവും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതും ആകുകയും മുസ്‌ലിം നാമധാരികളാകുമ്പോൾ മാത്രം തീവ്രവാദമാകുകയും ചെയ്യുന്നത് ഇസ്‌ലാമോഫോബിയയാണ്. ഏലത്തൂർ ട്രെയിൻ തീവെപ്പ് ശാറൂഖ് സൈഫി മാത്രം നടത്തിയ തീവ്രവാദ പ്രവർത്തനമാക്കി അന്വേഷണം അവസാനിപ്പിക്കുന്നത് അതിൻറെ പിന്നിലെ വലിയ ഗൂഢാലോചനയെ മറച്ച് വെക്കാനാണെന്ന സംശയം ന്യായമാണ്.
 
സംഘ്പരിവാറിന്റെ വംശീയ അജണ്ടകൾക്കെതിരിൽ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി വലിയ കാമ്പയിൻ സംഘടിപ്പിക്കും. ലൗജിഹാദ്, മതംമാറ്റം, മുസ്‌ലിം ജനസംഖ്യാ ഭീതി, ഗോരക്ഷ, ആചാരങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഹിന്ദുത്വ ശക്തികൾ വലിയ അളവിൽ മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും നേതൃത്വം നൽകുകയാണ്. എല്ലാ ജനവിഭാഗങ്ങളും ഹിന്ദുത്വ ഉൻമൂലന പദ്ധതിയുടെ ഇരകളാണെന്നതാണ് മണിപ്പൂരിലടക്കമുള്ള അക്രമസംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മുസ്‌ലിം വീടുകളും നിർമാണങ്ങളും ഏകപക്ഷീയമായി ബുൾഡോസറുകളുപയോഗിച്ച് തകർക്കുന്നത് ഇന്ന് രാജ്യത്ത് വ്യാപകമായിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിച്ച് കൊണ്ട് തന്നെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയഉൻമൂലന പദ്ധതിക്കെതിരെയാണ് 'അപ്‌റൂട്ട് ബുൾഡോസർ ഹിന്ദുത്വ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോക്‌സഭ ഇലക്ഷൻ കൂടി മുൻനിർത്തി ഹിന്ദുത്വ ശക്തികൾക്കെതിരെയും ഇസ്‌ലാമോഫോബിയക്കെതിരെയും ജനകീയ പ്രതിരോധം ഉയർത്തുക എന്നത് ഈ കാമ്പയിനിന്റെ പ്രധാന ലക്ഷ്യമാണ്. 

ബി.ജെ.പിക്കെതിരെ തന്നെ ദേശീയതലത്തിൽ ഉയർന്ന് വന്നിട്ടുള്ള സഖ്യങ്ങളിലുള്ളവർ തന്നെ ഹിന്ദുത്വ ശക്തികൾക്കെതിരെ ആർജവമായ നിലപാടുകൾ എടുക്കാത്തതും മുസ്‌ലിം വിരുദ്ധ വംശീയതക്കും ബുൾഡോസിങ് രാഷ്ട്രീയത്തിനുമെതിരെ നിശബ്ദത പുലർത്തുന്നതുമാണ് കാണുന്നത്. കേരളത്തിലെ ഭരണകൂടവും സംഘ്പരിവാറിന്റെ  വിദ്വേഷ പ്രചരണങ്ങൾക്കെതിരിൽ നിയമ നടപടികൾ സ്വീകരിക്കാത്തതും ബി.ജെ.പി തന്നെ ഉയർത്തുന്ന പല രാഷ്ട്രീയ അജണ്ടകളും ഏറ്റെടുക്കുന്നതും ഫലത്തിൽ സംഘ്പരിവാറിനെ തന്നെയാണ് സഹായിക്കുന്നത്. ഈ ഒരു പശ്ചാതലത്തിൽ കേവലം മുന്നണി സഖ്യങ്ങൾക്കപ്പുറം ഹിന്ദുത്വ വംശീയതക്കെതിരെ വിശാലമായ ജനകീയ രാഷ്ട്രീയ ഐക്യത്തിനാണ് സംഘ്പരിവാറിന്റെ വിദ്വേഷ അജണ്ടയെ പരാജയപ്പെടുത്താൻ കഴിയുകയെന്നും സി.ടി. സുഹൈബ് പറഞ്ഞു.

പത്രസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ശബീർ കൊടുവള്ളി, അസ്‌ലം അലി, റഷാദ് വി.പി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി, കോഴിക്കോട് സിറ്റി സെക്രട്ടറി ഷമീം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News