എഎപി എംപി സഞ്ജയ് സിംഗിന്റെ  വസതിയില്‍ ഇഡി റെയ്ഡ്

ന്യൂദല്‍ഹി-എഎപി എംപി സഞ്ജയ് സിംഗിന്റെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ദല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ എഎപി നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന ദിവസമാണ് സിംഗിന്റെ വസതിയില്‍ റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്റെ വസതിയില്‍ എത്തിയത്. നേരത്തെ സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യ നയത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും വീടുകളും ഓഫീസുകളും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.
2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍. ഇതേ കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയ ജയിലിലാണ്. എഎപി നേതാക്കളെ കള്ളക്കേസ് ചുമത്തി ബിജെപി ജയിലില്‍ അടയ്ക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. സിസോദിയയുടെ ജാമാപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്.

Latest News